കൊൽക്കത്ത: പശ്ചിമബംഗാളിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി. അയോദ്ധ്യ രാമക്ഷേത്രം പ്രതിഷ്ടാചടങ്ങിന്റെ ഒന്നാം വർഷികത്തിന്റെ ഭാഗമായാണ് രാമക്ഷേത്രം നിർമ്മിക്കുക. ബഹ്‌റാംപൂരിലാണ് ക്ഷേത്രം നിർമ്മിക്കുക. ബിജെപി മുർഷിദാബാദ് ഘടകമാണ് പ്രഖ്യാപനം നടത്തിയത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയിൽ തന്നെയാകും ഇവിടെയും ക്ഷേത്രം ഉയരുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
2025 ജനുവരി 22ന്, ബാബരി ഭൂമിയിൽ പണിത രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ നടന്നതിന്റെ ഒന്നാം വാർഷിക ദിനത്തിലാണ് പുതിയ ക്ഷേത്രത്തിന്റെ നിർമാണപ്രവൃത്തികൾ ആരംഭിക്കുക.ക്ഷേത്രഭൂമി നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്ന് ബിജെപി ബഹ്റാംപൂർ ഘടകം അദ്ധ്യക്ഷൻ ഷക്കർവ് സർക്കാർ പറഞ്ഞു. 10 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
മുർഷിദാബാദ് ജില്ലയിലെ ബെൽദാംഗയിൽ മസ്ജിദ് നിർമിക്കുമെന്ന് അടുത്തിടെ തൃണമൂൽ കോൺഗ്രസ് നേതാവ് ഹൂമയൂൺ കബീർ പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ 1992 ഡിസംബർ ആറിനു തകർന്ന ബാബരി മസ്ജിദിന്റെ മാതൃകയിലായിരിക്കും പള്ളി നിർമിക്കുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എംഎൽഎയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ബിജെപി ജില്ലാ ഘടകം രാമക്ഷേത്ര പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
അതേസമയം പള്ളിക്കുള്ള മറുപടിയായല്ല രാമക്ഷേത്രം നിർമിക്കുന്നതെന്ന് ഫാഷൻ ഡിസൈനറും അസൻസോൾ സൗത്തിൽനിന്നുള്ള ബിജെപി എംഎൽഎയുമായ അഗ്‌നിമിത്ര പോൾ വ്യക്തമാക്കി. ബാബരി മസ്ജിദും രാമക്ഷേത്രവുമെല്ലാം നിർമിക്കാം. ബാബരി മസ്ജിദ് നിർമിക്കുമെന്നു പ്രഖ്യാപിച്ചയാൾ തന്നെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തി ഭാഗീരഥി നദിയിലൊഴുക്കുമെന്ന് പറഞ്ഞിരുന്നുവെന്നും അഗ്‌നിമിത്ര ആരോപിച്ചു.
Discussion about this post