ന്യൂഡൽഹി; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ തിങ്കളാഴ്ച നിയമന്ത്രി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ബിൽ പ്രാബല്യത്തിൽ വരുന്നതോടെ വമ്പൻ മാറ്റങ്ങളാണ്രാജ്യത്ത് ഉണ്ടാവുക. ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചും തുടർന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളും നടത്താൻ നിർദേശിക്കുന്നതാണ് ബിൽ.ബില്ലുകൾക്ക് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.നിയമ നിർമ്മാണ അസംബ്ലികളുള്ള മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന ബില്ല് ഉൾപ്പെടെ രണ്ട് കരട് നിയമ നിർമാണങ്ങൾക്കാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്.
തിരഞ്ഞെടുപ്പ് ഒരുമിച്ചായാൽ നടത്തിപ്പിന്റെ ചെലവ് കുറയുമെന്നതാണ് വലിയ കാര്യം. സർക്കാരിനും രാഷ്ട്രീയപാർട്ടികൾക്കും ചെലവ് കുറയും. തിരഞ്ഞെടുപ്പ് നിരീക്ഷകരും പോളിംഗ് ഉദ്യോഗസ്ഥരും പൊലീസും അടക്കമുള്ള മനുഷ്യവിഭവശേഷി ഒന്നിച്ച് പ്രയോജനപ്പെടുത്തുന്നതിലൂടെ സമയലാഭമുണ്ടാവും, അദ്ധ്വാനഭാരം കുറയും. വോട്ടർമാർ പലതവണ പോളിംഗ് ബൂത്തിലേക്ക് വരുന്നത് കുറയ്ക്കാൻ സാധിക്കും.
ബിൽ നിയമമാവുകയും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 2029 ൽ നടപ്പാക്കുകയും ചെയ്താൽ കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലെയും അപ്പോഴത്തെ സർക്കാരുകളുടെ ആയുസ് കുറയും. ഇപ്പോഴത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം അസംബ്‌ളിയിലേക്കും തിരഞ്ഞെടുപ്പ് നടന്നത് ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലാണ്. ഈ സർക്കാരുകൾക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയും. 2029ൽ കാലാവധി തീരുന്ന ഹരിയാന, മഹാരാഷ്ട്ര, ജമ്മുകാശ്മീർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും 2030ൽ കാലാവധി പൂർത്തിയാക്കുന്ന ഡൽഹിയിലും ഏതാണ്ട് ആറുമാസം നേരത്തെ പുതിയ സർക്കാർ വരും.
( ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ഭരണകാലവും) 2025: ബിഹാർ -ഭരണകാലം – 4 വർഷം, ഭരണനഷ്ടം – 1 വർഷം
2026: കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി – ഭരണകാലം – 3 വർഷം, ഭരണനഷ്ടം – 2 വർഷം
2027: ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഗുജറാത്ത്, ഹിമാചൽ പ്രദേശ് – ഭരണകാലം – 2 വർഷം , ഭരണനഷ്ടം – 3 വർഷം
2028: കർണാടക, തെലങ്കാന, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, മേഘാലയ, മിസോറാം, നാഗലാൻഡ്, ത്രിപുര – ഭരണകാലം- 1 വർഷം , ഭരണനഷ്ടം – 4 വർഷം
Discussion about this post