ഐഎസ്എല്ലിലെ ഈ സീസണിലെ ഏഴാം തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്.
കൊൽക്കത്തയിൽ അരങ്ങേറിയ ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. സ്‌കോർ 2-2ൽ നിൽക്കെ മത്സരത്തിന്റെ അവസാന സെക്കന്റുകളിൽ വഴങ്ങിയ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് വീണ്ടും നിരാശ സമ്മാനിച്ചത്. തൊണ്ണൂറ്റിയഞ്ചാം മിനിറ്റിൽ ആൽബർട്ടോയുടെ ലോങ്ങ് റേഞ്ച് ഗോളാണ് മോഹൻ ബഗാന് വിലയേറിയ മൂന്ന് പോയിന്റ് നൽകിയത്.
ഫസ്റ്റ് ഹാഫിന്റെ തുടക്കത്തിൽ മോഹൻ ബഗാനെതിരെ മികച്ച കളിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. ആദ്യ 5 മിനിറ്റിനുള്ളിൽ തന്നെ രണ്ട് നല്ല അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സിനെ തേടിയെത്തി. ബ്ലാസ്റ്റേഴ്‌സിന്റെ നിരന്തമായ അറ്റാക്കുകൾ കാരണം സ്വന്തം മൈതാനത്ത് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാതെ മോഹൻ ബഗാൻ വിഷമിച്ചു. അതിനിടയിലാണ് ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് ലീഡ് വഴങ്ങുന്നത്.
മുപ്പത്തിമൂന്നാം മിനിറ്റിൽ എളുപ്പത്തിൽ സേവ് ചെയ്യാൻ സാധിക്കുന്ന ഒരു ക്രോസ് കൈപ്പിടിയിൽ ഒതുക്കാൻ സച്ചിനായില്ല. പന്ത് നേരെ മോഹൻ ബഗാൻ സ്ട്രൈക്കർ മക്ലാരന്റെ മുന്നിലേക്ക്. യാതൊരു പിഴവും കൂടാതെ മക്ലാരൻ പന്ത് വലയിലാക്കി. രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന ബ്ലാസ്റ്റേഴ്‌സ് അധികം വൈകാതെ സമനില ഗോൾ കണ്ടെത്തി. മോഹൻ ബഗാൻ പ്രതിരോധത്തിന്റെ പാളിച്ചകൾ മുതലെടുത്ത് ജീസസ് ജിമെനസാണ് തകർപ്പനൊരു ലോങ്ങ് റേഞ്ചറിലൂടെ ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചത്. ഐഎസ്എല്ലിലെ ഈ സീസണിൽ ജിമെനസ് നേടുന്ന ഒൻപതാം ഗോളാണിത്.
ഇതിനെ തുടർന്ന് കൂടുതൽ ആധിപത്യത്തോടെ കളിച്ച ബ്ലാസ്റ്റേഴ്‌സിന് നിരവധി അവസരങ്ങളും ലഭിച്ചു. നോഹയും ജിമെനസും പലപ്പോഴും ഗോളിന്റെ വക്കിലെത്തി. ഒടുവിൽ 77 ആം മിനിറ്റിൽ മോഹൻ ബഗാൻ ഗോൾ കീപ്പർ വിശാൽ കെയ്ത്തിന്റെ പിഴവിൽ നിന്ന് ഡിഫൻഡർ
മിലോസ് ഡ്രിൻസിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോൾ സ്‌കോർ ചെയ്തു. ലൂണയുടെ ഒരു സെറ്റ് പീസിൽ നിന്നായിരുന്നു ഗോൾ.
പക്ഷേ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ സന്തോഷം അധികം നീണ്ടുനിന്നില്ല. ചരിത്ര വിജയത്തിന് അരികിൽ നിൽക്കെ, ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ വഴങ്ങി. 86 ആം മിനിറ്റിൽ കമിംഗ്സിന്റെ ഗോളിൽ ബഗാൻ 2-2ന്റെ സമനില സ്വന്തമാക്കി. കൊൽക്കത്തയിൽ മോഹൻ ബഗാന്റെ തട്ടകത്തിൽ സമനിലയെങ്കിലും നേടാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹവും സഫലമായില്ല.
കളി തീരാൻ സെക്കന്റുകൾ മാത്രം അവശേഷിക്കെ ആൽബർട്ടോയുടെ ബോക്സിന് പുറത്ത് നിന്നുള്ള തകർപ്പൻ സ്ട്രൈക്ക് മോഹൻ ബഗാനെ വിജയത്തിലേക്ക് നയിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്ത് തുടരുമ്പോൾ, മോഹൻ ബഗാൻ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി.
Discussion about this post