വാഷിംഗ്ടൺ: അമേരിക്കയിൽ അയോദ്ധ്യ ശ്രീരാമക്ഷേത്ര മാതൃകയിൽ ക്ഷേത്രം നിർമ്മിക്കാൻ ഒരുങ്ങി സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ. അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പെയർലാൻഡിൽ ലോകപ്രശസ്തമായ ശ്രീമീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടാണ് ശ്രീരാമക്ഷേത്രം ഉയരുക. ആഗോള ഹിന്ദുസമൂഹത്തിനും ലോകസമാധാനത്തിനുമായാണ് ക്ഷേത്രം നിർമ്മിക്കുന്നത്. അഞ്ചേക്കർ ഭൂമിയിലാണ് ക്ഷേത്രം നിർമ്മിക്കുക. കേരളത്തിലെ കുടുംബക്ഷേത്രങ്ങളിലോ പരദേവതാ ക്ഷേത്രങ്ങളിലോ നിന്ന് ഒരു പിടി മണ്ണ് കൊണ്ടുവന്ന് പുതിയ ക്ഷേത്ര ഭൂമിയിൽ പ്രതിഷ്ഠിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ കുടുംബ ക്ഷേത്രങ്ങളിൽനിന്നോ പരദേവതാ ക്ഷേത്രങ്ങളിൽനിന്നോ കലശത്തിൽ കൊണ്ടുവരുന്ന മണ്ണ് മുലപ്രതിഷ്ഠയ്ക്ക് സമീപം പ്രത്യേകമായി സംരക്ഷിക്കും. ആവശ്യമുള്ളപ്പോൾ കലശം പുറത്തെടുത്ത് പൂജ ചെയ്യാനും അവസരം നൽകും ഇത് അവരുടെ കുടുംബക്ഷേത്രമായി ഔദ്യോഗികമായി ബന്ധപ്പെടുത്തപ്പെടുമെന്ന് കോർഡിനേറ്റർ രഞ്ജിത് പിള്ള അറിയിച്ചു.
ഒരു കുടുംബമോ വംശമോ പാരമ്പര്യമായി സേവിക്കപ്പെടുന്ന ദേവതകളോടുള്ള ആത്മബന്ധത്തെ ആഴത്തിൽ അംഗീകരിക്കുന്ന സംരംഭമാണിത്. കുടുംബത്തിന്റെയും വംശത്തിന്റെയും രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന പരദേവതകളുടെ ആചാരപരമായ ധർമങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ആത്മീയ സംരക്ഷണം ഉറപ്പാക്കപ്പെടും.ലോകമെമ്പാടുമുള്ള എല്ലാ കുടുംബക്ഷേത്രങ്ങളിലെ ദിവ്യ മണ്ണ് സമാഹരിച്ചു സംരംഭത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ പാരമ്പര്യത്തിന്റെ അനന്ത ബന്ധം പ്രകടമാക്കുകയാണ് ലക്ഷ്യം. ഇതുവഴി, ഹിന്ദു വീടുകളെ അയോദ്ധ്യയുമായി ആത്മീയ ബന്ധത്തിലേക്കു നയിക്കുന്ന സമഗ്ര സംരംഭമായി ക്ഷേത്രം ഉയരും
Discussion about this post