പുതുവർഷം പുലരാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പേ ഉള്ളൂ. ശുഭപ്രതീക്ഷകളുമായി ഒരു പുതുവർഷം എത്തും മുൻപേ വീട്ടിലേക്ക് പുതിയ വാഹനമെത്തിക്കണമെന്ന ആഗ്രഹം ഉള്ളവരായിരിക്കും അധികവും. എന്നാൽ ഈ തീരുമാനം അത്ര നല്ലതല്ലെന്നാണ് വിദഗ്ധരടക്കം പറയുന്നത്. പുതിയ വാഹനം വാങ്ങണമെന്നുള്ളവർ അൽപ്പം കൂടി ക്ഷമിക്കുന്നതാണ് നല്ലത്. പുതുവർഷത്തിലെ ആദ്യ മാസങ്ങളിൽ വാങ്ങിയാൽ പോലും ഈ ഡിസംബറിൽ വാങ്ങരുത്.
ഉപഭോക്താക്കളെ ആകർഷിക്കാനായി ആകർഷകമായ ഓഫറുകളും കിഴിവുകളും വാഗ്ദാനം ചെയ്താണ് വാഹന ഡീലർഷിപ്പുകാർ തങ്ങളുടെ യാർഡുകളിൽ ബാക്കിയുള്ള വാഹനങ്ങൾ വിറ്റ് കാലിയാക്കാൻ ശ്രമിക്കുന്നത്. പുതിയ മോഡലുകൾക്ക് ഇടം നൽകുന്നതിന് നിലവിലുള്ള ഇൻവെന്ററി ക്ലിയർ ചെയ്യേണ്ടതിനാൽ വിവിധ കാർ മോഡലുകൾ ഉപഭോക്താക്കൾക്ക് വമ്പൻ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ, ലോയൽറ്റി റിവാർഡുകൾ, സ്‌ക്രാപ്പേജ് ബെനഫിറ്റുകൾ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ഇയർ എൻഡ് ഓഫറിൽ കാർ വാങ്ങുമ്പോൾ ചില ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടെന്ന കാര്യം മറക്കരുത്. വണ്ടിക്കമ്പനികളും ഡീലർമാരും കുറഞ്ഞ വിലയിൽ കാറുകൾ വിറ്റഴിക്കാനുള്ള കാരണം മോഡൽ വർഷം മാറുന്നതാണ്. ഇത് കാലക്രമേണ വാഹനത്തിന്റെ മൂല്യത്തെ ബാധിക്കും. ഒക്ടോബർ മുതൽ ഡിസംബർ വരെ നിർമ്മിക്കുന്ന കാറുകൾ മോഡൽ ഇയർ ഷിഫ്റ്റ് കാരണം ജനുവരിയിൽ സാങ്കേതികമായി ഒരു വർഷം പഴക്കമുള്ളതായി കണക്കാക്കുന്നു. ഈ ധാരണ ഉപഭോക്താക്കളുടെ കണ്ണിൽ മുൻ വർഷത്തെ മോഡലുകളുടെ വിപണി മൂല്യവും ആകർഷകത്വവും കുറയ്ക്കുമെന്ന് മാത്രമല്ല അവയുടെ റീസെയിൽ വാല്യുവിനെ ബാധിക്കുകയും ചെയ്യുന്നു. 2024 ഡിസംബറിൽ നിർമ്മിച്ച ഒരു കാർ പുതിയതായതാണെങ്കിൽ പോലും 2025 ജനുവരിയിൽ ഒരു വർഷം പഴക്കമുള്ളതായി കണക്കാക്കും. ഈ മൂല്യത്തകർച്ച കാറിന്റെ പുനർവിൽപ്പന മൂല്യത്തെ കാര്യമായി ബാധിക്കുന്നു.
ഇയർ എൻഡ് ഡിസ്‌കൗണ്ടുകൾ മുതലാക്കണോ എന്നത് നമ്മുടെ താത്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ശ്രദ്ധാപൂർവമായ പരിഗണനയും ശരിയായ ആസൂത്രണവും ഉണ്ടെങ്കിൽ ഈ ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും. കാറിന്റെ റീസെയിൽ വാല്യു പ്രശ്നമല്ല ദീർഘകാലം ഉപയോഗിക്കാൻ വേണ്ടിയാണ് കാർ വാങ്ങുന്നത് എന്ന മൈൻഡ് ആണെങ്കിൽ ഇയർ എൻഡ് ഓഫറുകൾ പ്രയോജനപ്പെടുത്താവുന്നതാണ്
Discussion about this post