കൊച്ചി; മലയാള സിനിമയിലെ സുവർണതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും വർഷങ്ങളായി സിനിമയിൽ സൂപ്പർതാരപദവിയിലിക്കുന്നവരാണ്. ആരാധകർ പരസ്പരം പലപ്പോഴും പോരടിക്കുമെങ്കിലും മമ്മൂട്ടിയും മോഹൻലാലും തമ്മിൽ വളരെ അടുത്ത സാഹോദര്യബന്ധമാണ് ഉള്ളത്. ഇരുവരുമായും അന്തരിച്ച എഴുത്തുകാരൻ സുകുമാർ അഴിക്കോടിന് ഉണ്ടായിരുന്ന വ്യക്തിപരമായ പ്രശ്‌നങ്ങളും ആരാധകർക്ക് അറിയാം. താരസംഘടനയായ അമ്മയിൽ നടൻ തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ സുകുമാർ അഴീക്കോട് അഭിപ്രായം പ്രകടിപ്പിച്ചതാണ് വലിയ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കിയത്. ഇതിനുപിന്നാലെ മോഹൻലാലും മമ്മൂട്ടിയും അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്.
തിലകന്റെ തൊഴിൽ നിഷേധവുമായി ബന്ധപ്പെട്ട് സുകുമാർ അഴീക്കോട് സംസാരിച്ചു. അതിന് മറുപടിയുമായി മോഹൻലാൽ എത്തുന്നു. തിലകൻ ഞങ്ങളുടെ കുടുംബാംഗം ആണെന്നും അദ്ദേഹത്തിനെതിരെ സ്വീകരിച്ചത് അച്ചടക്ക നടപടിയാണെന്നും ലാൽ പറഞ്ഞു. ഇതോടെ സാഹചര്യം വഷളായി. മോഹൻലാലും ഹേമ മാലിനിയും അഭിനയിച്ച മലബാർ ഗോൾഡിന്റെ പരസ്യത്തെ അഴീക്കോട് മാഷ് വിമർശിച്ചു. ഇതിന് മറുപടിയുമായി മോഹൻലാൽ വന്നു. ഇത് തന്റെ തൊഴിലാണെന്നും പരസ്യം കണ്ട് ഒരു ചെറുപ്പക്കാരും വഴിതെറ്റിയില്ലെന്നും മോഹൻലാൽ പറഞ്ഞു. 40 പുസ്തകങ്ങൾ എഴുതിയത് കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ആളാവില്ല. ഇതോടെ മാഷ് പ്രകോപിതനായി. മോഹൻലാൽ കുങ്കുമം ചുമക്കുന്ന കഴുതയെന്നായിരുന്നു മാഷിന്റെ വിമർശനം. മമ്മൂട്ടിക്കും പ്രതാപം നഷ്ടപ്പെടുന്നതിന്റെ വെപ്രാളമാണെന്നും അഴിക്കോട് മാഷ് തിരിച്ചടിച്ചു.
വല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് മോഹൻലാലും മമ്മൂട്ടിയും കടന്ന് പോകുന്നത്. പ്രതാപത്തിന്റെ മധ്യാഹ്നം നഷ്ടപ്പെട്ട് പോകുമെന്ന ഭയത്താൽ അവർ വെപ്രാളം കൊള്ളുകയാണെന്ന് മാഷ് പറഞ്ഞു. വൃദ്ധരായ ആൾക്കാർ വൃദ്ധരുടെ വേഷമേ സ്വീകരിക്കാവൂ എന്ന നിർദ്ദേശവും അദ്ദേഹം വെച്ചു.ഇതുകേട്ട് താരങ്ങളുടെ ആരാധകർ പ്രതിഷേധിച്ചു.ഒരിക്കൽ തന്റെ മുടി കാണിച്ച്, ഇതെന്റെ സ്വന്തം മുടിയാണ്, ഷോപ്പിൽ നിന്ന് വാങ്ങിയതല്ലെന്ന് പറഞ്ഞു. ഇവരുടെ വിഗ് അഴിച്ചാൽ വെറും കങ്കാളൻമാരാണെന്നും മാഷ് പറഞ്ഞു. മോഹൻലാലും മമ്മൂട്ടിയും ഉണങ്ങിയ രണ്ട് വട വൃക്ഷങ്ങളെ പോലെ നിൽക്കുകയാണ്. താഴെ ഉളള ഒന്നിനെയും വളരാൻ അനുവദിക്കില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു.
കലിപ്പ് തീരാതെ മോഹൻലാലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോടതി കയറ്റി. അന്നത്തെ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണിക്ക് മാഷ് കത്തെഴുതി. ആദ്യത്തെ കത്ത് മോഹൻലാലിന് ലെഫ്റ്റനന്റ് കേണൽ പദവി കൊടുത്തതിന് എതിരായിട്ടായിരുന്നു. എന്നാൽ അതിന് യാതൊരു പ്രതികരണവും ലഭിച്ചില്ല. അടുത്ത കത്ത് കൂടുതൽ ശക്തമായിരുന്നു. ഇവരുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും ടാക്‌സ് വെട്ടിപ്പിനെക്കുറിച്ചുമാണ് കത്തിൽ പറഞ്ഞത്. അത് വായിച്ച പ്രതിരോധ മന്ത്രി കത്ത് ഇൻകം ടാക്‌സ് ഡിപ്പാർട്‌മെന്റിന് ഫോർവേർഡ് ചെയ്തു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഇൻകം ടാക്‌സുകാർ ഇരച്ച് കയറി റെയ്ഡുകൾ ആരംഭിച്ചു. ബന്ധമുള്ള ഉന്നതർക്ക് താരങ്ങളെ സഹായിക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. രണ്ട് താരങ്ങളും മാനസികമായി ഒരുപാട് ബുദ്ധിമുട്ടി. ഇതിനിടെയാണ് തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ കടന്ന് വരവ്. അന്ന് ചിരഞ്ജീവി കേന്ദ്ര മന്ത്രിയാണ്. ആശ്വസിപ്പിച്ച ചിരഞ്ജീവി അവർ പെട്ട കെണിയിൽ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചു. സോണിയ ഗാന്ധിയെ ചിരഞ്ജീവി വിവരങ്ങൾ അറിയിച്ചു. കാര്യങ്ങൾ ബോധ്യപ്പെട്ട സോണിയ ?ഗാന്ധി നിമിഷ നേരം കൊണ്ട് ആ പ്രശ്‌നം പരിഹരിച്ച് കൊടുത്തെന്നും ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടി.
Discussion about this post