മമ്മൂട്ടിയെ പോലെ തന്നെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സഹോദരനായ ഇബ്രാഹിം കുട്ടിയും. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ അദ്ദേഹം സഹോദരന്റെ വഴിയെ തന്നെ കലാരംഗത്തേക്ക് എത്തുകയായിരുന്നു. ഇച്ചാക്കയെന്നാണ് മമ്മൂട്ടിയെ ഇബ്രാഹിം കുട്ടി വിളിക്കുക.
ഇപ്പോഴിതാ മമ്മൂട്ടിയുടെ ചില ചിത്രങ്ങൾ താന്‍ കണ്ടിട്ടില്ലെന്ന് പറയുകയാണ് അദ്ദേഹം. മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍ കാണുമ്പോള്‍ പെട്ടെന്ന് ടെൻഷനായി പോവും. ദുൽഖറിന്റെയും മകൻ മക്ബൂലിന്റെ സിനിമയും കാണുമ്പോഴും തനിക്ക് ഇത്തരത്തിൽ ടെൻഷൻ ഉണ്ടാകാറുണ്ടെന്ന് ഇബ്രാഹിം കുട്ടി പറയുന്നു.
‘ഓരോ കഥാപാത്രവും ഓരോ രീതിയിലാണ് നമ്മുടെയടുത്ത് വരിക. ഇച്ചാക്കയുടെ തനിയാവർത്തനം സിനിമയുടെ ക്ലൈമാക്സ് ഞാന്‍ കണ്ടിട്ടില്ല. ഇനി അത് കാണുകയുമില്ല. അതുപോലെ തന്നെയാണ് സന്ദർഭവും. ആ സിനിമയും ഞാൻ കണ്ടിട്ടില്ല. ഏത് സിനിമയിലും അഭിനയത്തിന്റ കാര്യത്തിൽ പുള്ളിയുടെ ഭാഗം എപ്പോഴും ക്ലിയറാണ്, കുറ്റം പറയാൻ പറ്റില്ല. സിനിമകൾ മോശമാകാറുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള കുറേ സിനിമകളുണ്ട്. അമരം, വടക്കൻ വീരഗാഥയൊക്കെ എത്രയോ തവണ കണ്ടിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.
അതുപോലെ തന്നെയാണ് ദുൽഖറിന്റെ ചില സിനിമകൾ. ദുൽഖറിന്റെ ലക്കി ഭാസ്‌കർ കണ്ടുകൊണ്ടിരിക്കെ താൻ ടിവി ഓഫ് ചെയ്തു. അതിൽ ദുൽഖർ പിടിക്കപ്പെടുമെന്നായപ്പോൾ തനിക്ക് ടെൻഷനായി പോയി. അതുകൊണ്ടാണ് ടിവി ഓഫ് ചെയ്തത്. രാത്രി കണ്ടാൽ ശരിയാകില്ല. രാവിലെ കാണാമെന്ന് കരുതി. ആരുടെയെങ്കിലും കൂടെ കാണുമ്പോൾ ഇത്ര ടെൻഷൻ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇച്ചാക്കയുടെയും ദുൽഖറിന്റെയും സിനിമയും മകൻ മക്ബൂലിന്റെ സിനിമയും കാണുമ്പോൾ ഇത്തരത്തിൽ ടെൻഷൻ ഉണ്ടാകാറുണ്ടെന്നും ഇബ്രാഹിം കുട്ടി വെളിപ്പെടുത്തി. ഇച്ചാക്കയുടെ ടർബോ കണ്ടപ്പോൾ കരച്ചിൽ വന്നിട്ടുണ്ട്. കോമഡി സിനിമയാണെങ്കിലും സങ്കടം വരും. അതിനുകാരണം ഇച്ചാക്കയെ കാണുമ്പോൾ കിട്ടുന്ന ഒരു കണക്ഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post