ന്യൂഡൽഹി: സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ കാര്യം വരുമ്പോൾ വിചിത്രമായ കാര്യങ്ങളാണ് ഇൻഡി സഖ്യത്തിൽ നടക്കുന്നത് എന്ന് പറഞ്ഞാൽ അതൊട്ടും തെറ്റായിരിക്കുകയില്ല. ഉത്തർ പ്രദേശിലെ ഇൻഡി സഖ്യത്തിലെ ഏറ്റവും വലിയ മുന്നണി പോരാളികളാണ് കോൺഗ്രസ്സും സമാജ് വാദി പാർട്ടിയും. ദേശീയ തലത്തിലും അങ്ങനെ തന്നെ.
എന്നാൽ ദേശീയ തലത്തിലെ മിത്രങ്ങൾ സംസ്ഥാന തലത്തിലെത്തുമ്പോൾ ശത്രുക്കളാകുന്ന വ്യത്യസ്തമായ കാഴ്ചയാണ് ഇൻഡി സഖ്യത്തിൽ കാണാൻ സാധിക്കുന്നത്. മഹാരാഷ്ട്രയിലെ സഖ്യത്തിൽ നിന്നും സമാജ് വാദി പാർട്ടി പിന്മാറിയതിന് തൊട്ടു പിന്നാലെ ഡൽഹിയിൽ കോൺഗ്രസിന് ഇരുട്ടടി നൽകിയിരിക്കുകയാണ് അഖിലേഷ് യാദവ്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയോടൊപ്പം ചേർന്ന് കോൺഗ്രസിനെതിരെ മത്സരിക്കാനൊരുങ്ങുകയാണ് സമാജ് വാദി പാർട്ടി.
തിങ്കളാഴ്ച ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിൻ്റെ പാർട്ടി നടത്തിയ മഹിളാ അദാലത്ത് പരിപാടിയിലാണ് കോൺഗ്രസിനേക്കാൾ എഎപിക്കാണ് മുൻഗണനയെന്ന് എസ്പി പ്രഖ്യാപിച്ചത്. ഡൽഹിയിൽ ജനങ്ങളെ സേവിക്കാൻ ഒരിക്കൽ കൂടി എഎപിക്ക് അവസരം ലഭിക്കണമെന്ന് എസ്പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.
എന്തായാലും ഈ പ്രഖ്യാപനം കോൺഗ്രസിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടു തന്നെ അറിയണം. ഇൻഡി മുന്നണിയിലെ നേതാവ് എന്ന നിലയ്ക്ക് വലിയ ഭീഷണി തന്നെ കോൺഗ്രസ് നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമാജ് വാദി പാർട്ടിയുടെ നിലപാട് മാറ്റം ശ്രദ്ധേയമാകുന്നത്.
Discussion about this post