ന്യൂഡൽഹി; ഇന്ത്യൻ പാർലമെന്റിൽ പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി എത്തിയ വയനാട് എംപി പ്രിയങ്ക വാദ്രയെ പുകഴ്ത്തി പാകിസ്താൻ മുൻ മന്ത്രി ഫവാദ് ഹുസൈൻ. ഇസ്രായേലിനെതിരെ നിലകൊള്ളാത്തതിന് പാകിസ്താനിലെ നേതാക്കളെ അദ്ദേഹം ആക്ഷേപിക്കുകയും ചെയ്തു.
എക്സിന്റെ ഒരു പോസ്റ്റിൽ ”ജവഹർലാൽ നെഹ്റുവിനെപ്പോലെ ഉയർന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ ചെറുമകളിൽ നിന്ന് നമുക്ക് മറ്റെന്താണ് പ്രതീക്ഷിക്കാൻ? പ്രിയങ്ക ഗാന്ധി പന്നിക്കുട്ടികൾക്കിടയിൽ തലയുയർത്തി നിൽക്കുകയാണ്, നാണക്കേട്, ഒരു പാകിസ്താൻ പാർലമെന്റംഗവും ഇത്രയും ധൈര്യം കാണിച്ചിട്ടില്ലെന്ന് അ്‌ദ്ദേഹം എഴുതി.
ഇന്നലെയാണ് പ്രിയങ്കഗാന്ധി പ്രത്യേകം രൂപകൽപ്പന ചെയ്ത ബാഗുമായി പാർലമെന്റിലെത്തിയത്. പലസ്തീൻ ഐക്യദാർഢ്യത്തിന്റെ അടയാളമായ തണ്ണിമത്തനും ഇംഗ്ലീഷിൽ പലസ്തീൻ എന്നും ബാഗിൽ ആലേഖനം ചെയ്തിരുന്നു. കോൺഗ്രസ് വക്താവ് ക്ഷമ മുഹമ്മദാണ് ചിത്രങ്ങൾ പങ്കുവച്ചത്.
പിന്നാലെ വിമർശനവുമായി ബിജെപിയെത്തി, പ്രിയങ്ക രാഹുലിനേക്കാൾ വലിയ ദുരന്തമാണെന്ന് പരിഹസിച്ച ബിജെപി, അവർ കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും വാർത്തകൾക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. ജനങ്ങളാൽ തിരസ്‌കരിക്കപ്പെടുമ്പോഴാണ് ഇത്തരം കാര്യങ്ങളിലേക്ക് കടക്കുന്നതെന്നും പരിഹസിച്ചു.
കഴിഞ്ഞ ദിവസം ഡൽഹിയിലെ പലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് അൽ റാസിക് അബു ജാസിറുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പാലസ്തീനിയൻ പോരാട്ടങ്ങൾക്ക് പ്രിയങ്കാ ഗാന്ധി പിന്തുണ അറിയിച്ചു. പലസ്തീനുമായുള്ള ആത്മബന്ധവും പ്രിയങ്ക കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. ഈ കൂടിക്കാഴ്ച സമയത്ത് നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണ് പ്രിയങ്ക ലോക്സഭയിലേക്ക് കൊണ്ടുവന്നത് എന്നാണ് വിവരം.
Discussion about this post