തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾക്ക് മുട്ടൻ പണിയുമായി ഗതാഗത വകുപ്പ്. സ്വകാര്യബസപകടത്തിൽ മരണം ഉണ്ടായാൽ ബസ്സിന്റെ പെർമിറ്റ് ആറുമാസത്തേക്ക് റദ്ദാക്കും. അശ്രദ്ധയോടെ ബസ് ഓടിച്ച് ആർക്കെങ്കിലും പരിക്കേറ്റാൽ ബസ്സിന്റെ പെർമിറ്റ് മൂന്നുമാസത്തേക്കും റദ്ദാക്കും.
സംസ്ഥാനത്ത് ബസപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. പരിഷ്കരണങ്ങളുടെ ഭാഗമായി സ്വകാര്യ ബസുകളിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പോലീസ് ക്ലിയറൻസ് നിർബന്ധമാക്കും.
2025 മാർച്ചിന് മുൻപ് എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങൾ കൂടാതെ ബസ് ജീവനക്കാരെ കുറിച്ച് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അറിയിക്കുന്നതിനായി ഉടമകളുടെ ഫോൺ നമ്പറുകൾ ബസ്സിൽ പ്രദർശിപ്പിക്കണം. സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടം തടയാനായി ജിയോ ടാഗും നിർബന്ധമാക്കും. പെർമിറ്റ് എടുത്തിട്ടുള്ള എല്ലാ സ്വകാര്യ ബസുകളും ലാസ്റ്റ് ട്രിപ്പ് നിർബന്ധമായും ഓടണം. ഇക്കാര്യങ്ങൾ ലംഘിക്കുകയാണെങ്കിൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും കെ ബി ഗണേഷ്കുമാർ വ്യക്തമാക്കി.
Discussion about this post