ന്യൂഡൽഹി: മുൻകൂട്ടി ആസൂത്രണം ചെയ്തല്ലാതെ ഒരു യാത്രയ്ക്ക് പുറപ്പെടുന്നവർ പ്രധാനമായും പരാതിപ്പെടുന്ന ഒന്നാണ് ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല എന്നത്. ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്നവരുടെ എണ്ണം അത്രത്തോളം ഉള്ളത് കൊണ്ട് തന്നെ ടിക്കറ്റ് ഉറപ്പിക്കാൻ ദിവസങ്ങൾക്കും മാസങ്ങൾക്കും മുൻപേ ബുക്ക് ചെയ്യേണ്ടി വരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ പെട്ടെന്നുള്ള യാത്രയ്ക്കാണെങ്കിൽ തത്കാൽ ടിക്കറ്റ് ആണ് ശരണം. പക്ഷേ പലപ്പോഴും തത്കാൽ ടിക്കറ്റ് കിട്ടണമെങ്കിൽ ഭാഗ്യം വേണം എന്ന് പറയാറുണ്ട്.
തത്കാൽ ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ്. ഇതിനായി ഒരു വമ്പൻ മാറ്റത്തിന് തന്നെ ഇന്ത്യൻ റെയിൽവേ തയ്യാറെടുക്കുകയാണ്. ടിക്കറ്റ് ബുക്കിംഗിനായി സൂപ്പർ ആപ്പ് ലഭ്യമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ് അറിയിച്ചത്.
ടിക്കറ്റ് ബുക്കിംഗിന് പുറമേ ട്രെയിനുകൾ ട്രാക്ക് ചെയ്യാനും പരാതികൾ ഫയൽ ചെയ്യാനും റിസർവ് ചെയ്യാത്ത ട്രെയിൻ സീറ്റുകൾ അറിയാനും ഉപയോക്താക്കളെ സഹായിക്കുന്ന സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനാണ് പുറത്തിറങ്ങുക. ഇന്ത്യൻ റെയിൽവേ ഒരു പാസഞ്ചർ സർവീസ് കേന്ദ്രീകൃത ആപ്പ് വികസിപ്പിക്കുന്നതായി മന്ത്രി അറിയിച്ചു. യാത്രക്കാർക്ക് റിസർവ് ചെയ്യാതെ ടിക്കറ്റ് എടുക്കാനും പരാതികൾ സമർപ്പിക്കാനും ട്രെയിൻ ലഭ്യത പരിശോധിക്കാനും ഈ ആപ്പ് ഉപയോഗിക്കാൻ കഴിയും.മറ്റ് ആപ്പുകൾ നൽകുന്ന സേവനങ്ങൾ സൂപ്പർ ആപ്പിലേക്ക് സംയോജിപ്പിക്കും. പ്ലാറ്റ്ഫോം ടിക്കറ്റുകൾ എടുക്കുന്നതിനും റിസർവ്ഡ്, അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും തത്സമയം ട്രെയിനുകൾ ട്രാക്കുചെയ്യുന്നതിനും പുറമേ, യാത്രക്കാർക്ക് ഫീഡ്ബാക്ക്, ഭക്ഷണ സേവനങ്ങൾ എന്നിവയും ആപ്പ് വഴി ലഭിക്കും. പുതിയ ആപ്ലിക്കേഷൻ നിലവിൽ വന്നാലും ടിക്കറ്റ് ബുക്കിംഗ് പങ്കാളികൾ ഐആർസിടിസി തന്നെയാകും.
Discussion about this post