ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യയുടെയും നീരവ് മോദിയുടെയും ഉള്‍പ്പെടെ 22,280 കോടി രൂപയുടെ ആസ്തി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തിരിച്ചുപിടിച്ചതായി ധനമന്ത്രി നിർമലാ സീതാരാമൻ. വിവിധ ബാങ്കുകളിലേക്ക് 14000 കോടി തിരിച്ചെത്തിയെന്നും ധനമന്ത്രി പാർലമെന്റിൽ പറഞ്ഞു. ലോകസഭയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വ്യവസായി വിജയ് മല്യയുടെ 14,131.6 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളും നീരവ് മോദിയുടെ 1053 കോടി രൂപ തിരിച്ചെത്തിച്ചതായും മന്ത്രി വ്യക്തമാക്കി. മെഹുൽ ചോക്‌സിയുടെ കേസിൽ 2,565.90 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. അവ ലേലം ചെയ്യാൻ ഒരുങ്ങുകയാണ്. മെഹുൽ ചോക്‌സിയുടെ സ്വത്തുക്കൾ വിൽക്കാൻ ഇഡിയും ബാങ്കുകളും ചേർന്ന് മുംബൈയിലെ പ്രത്യേക കോടതിയെ സമീപിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. തട്ടിയെടുത്ത സ്വത്തുക്കൾ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഉടമസ്ഥർക്ക് തിരികെ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.
2024 ജൂൺ വരെ, കള്ളപ്പണ നിയമത്തിന് കീഴിൽ 697 കേസുകളിലായി 17,520 കോടിയിലധികം രൂപയുടെ വിവിധ കേസുകൾ രജിസ്റ്റർ ചെയ്യുകയും അതിൽ 163 കേസുകളിൽ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.
Discussion about this post