ന്യൂഡൽഹി: അംബേദ്കറെ അപമാനിച്ചുവെന്ന കോൺഗ്രസിന്റെ വാദങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കള്ളക്കഥകൾ മെനഞ്ഞ് കോൺഗ്രസ് യാഥാർത്ഥ്യങ്ങളെ വളച്ചൊടിയ്ക്കുകയാണെന്നും, ഇത് അപലപനീയമാണെന്നും അമിത് ഷാ പറഞ്ഞു. സംഭവത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ ഭരണഘടനാ വിരുദ്ധവും, അംബേദ്കർ വിരുദ്ധവുമായ നിലപാട് ബിജെപി എംപിമാർ പാർലമെന്റിൽ പൊളിച്ചടുക്കിയിരുന്നു. ഇതിന്റെ ഭാഗമാണ് ഇപ്പോൾ ഉയരുന്ന ആരോപണം. അംബേദ്കറിന് എതിരായിരുന്നു കോൺഗ്രസ്. സംവരണത്തിനും, ഭരണഘടനയ്ക്കും എതിരായിരുന്നു ഈ പാർട്ടി. സവർക്കറിനെ പോലും കോൺഗ്രസ് അപമാനിച്ചു. അടിയന്താരവസ്ഥ പ്രഖ്യാപിച്ച് കോൺഗ്രസ് ഭരണഘടനയെ തകർത്തു. വർഷങ്ങളോളം സ്ത്രീകളുടെ അന്തസ്സിനെ അവഗണിച്ചു. നീതിന്യായ വ്യവസ്ഥയെ അപമാനിച്ചു. രാജ്യത്തിനായി വീരമൃത്യുവരിച്ചവരുടെ ത്യാഗത്തെ അവഹേളിച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി.
അംബേദ്കറിന്റെ നയങ്ങളോട് ശക്തമായ എതിർപ്പ് ആയിരുന്നു കോൺഗ്രസിന് ഉണ്ടായിരുന്നത്. ഇത് തുറന്നുകാട്ടുക മാത്രമാണ് പാർലമെന്റിൽ സംസാരിക്കുന്നതിനിടെ ചെയ്തത്. മരണ ശേഷം അംബേദ്കറിനെ അരികവൽക്കരിക്കാൻ കോൺഗ്രസ് ശ്രമിച്ചു. കോൺസ്റ്റിറ്റിയൂഷൻ കമ്മിറ്റിയുടെ പൂർത്തീകരണത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് നടന്നു. ഇതിൽ അംബേദ്കറിനെ പരാജയപ്പെടുത്താൻ നിരവധി തന്ത്രങ്ങളാണ് കോൺഗ്രസ് ആവിഷ്‌കരിച്ചത്.
കഴിഞ്ഞ ദിവസം മുതൽ കോൺഗ്രസ് ഒരിക്കൽ കൂടി ഈ തന്ത്രങ്ങൾ സ്വീകരിക്കാൻ ശ്രമിച്ചു. കോൺഗ്രസ് അവരുടെ നേതാക്കൾക്ക് ഭാരത് രത്‌ന നൽകി. എന്നാൽ അംബേദ്കറെ അവഗണിച്ചു. 1955 ൽ നെഹ്‌റു അദ്ദേഹത്തിന് തന്നെ ഭാരത് രത്‌ന നൽകി. 1971 ൽ ഇന്ദിരയും ഇത് ആവർത്തിച്ചു. എന്തിനേറെ അംബേദ്കർ ജയന്തി ദിനത്തിലെ ആഘോഷ പരിപാടികൾ പോലും നിരോധിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post