ബെയ്‌ജിങ്: ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രതിനിധികളുടെ 23-ാമത് യോഗത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ ബുധനാഴ്ച ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി യുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ഷി ജിൻപിങ്ങും തമ്മിൽ കസാനിൽ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ ഉണ്ടാക്കിയ ധാരണയുടെ അനുസരിച്ചായിരുന്നു കൂടിക്കാഴ്ച. മൊത്തത്തിലുള്ള ഇന്ത്യ-ചൈന ബന്ധത്തിൽ ഒരു രാഷ്ട്രീയ വീക്ഷണം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം പ്രത്യേക പ്രതിനിധികൾ (SRs) ഊന്നിപ്പറഞ്ഞു.
അജിത് ഡോവലും വാങ് യി യുമായുള്ള ചർച്ചയിൽ പ്രധാനപ്പെട്ട ആറ് കാര്യങ്ങളിൽ സമവായത്തിലെത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
01. ഇന്ത്യ-ചൈന അതിർത്തി പ്രശ്നം പരിഹരിക്കുന്നതിന് ന്യായവും പരസ്പര സ്വീകാര്യവുമായ ചട്ടക്കൂട് വേണം. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധത്തിൽ തങ്ങളുടേതായ രാഷ്ട്രീയ വീക്ഷണം ഇരു രാജ്യങ്ങളും നിലനിർത്തണം.
02. 2024 ഒക്‌ടോബറിലെ ഏറ്റവും പുതിയ സേനാ പിന്മാറ്റ കരാർ നടപ്പിലാക്കുന്നത് ഇരു നേതാക്കളും അനുകൂലമായി പ്രതികരിച്ചു. ഇത് കൂടാതെ അതിർത്തി പ്രദേശങ്ങളിൽ ശാന്തതയും സമാധാനവും നിലനിർത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ സ്വാഭാവികമായ വികസനത്തിന് അതിർത്തി പ്രശ്നങ്ങൾ തടസ്സമാകരുതെന്നും അവർ ഊന്നിപ്പറഞ്ഞു.
03. അതിർത്തി പ്രശ്നത്തിന് ന്യായമായതും , യുക്തി ഭദ്രവും , പരസ്പര സ്വീകാര്യമായ പരിഹാരം തേടുന്നത് തുടരാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുപക്ഷവും വീണ്ടും ഉറപ്പിച്ചു. 2005-ൽ ഇരുരാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ അംഗീകരിച്ച രാഷ്ട്രീയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇത്. ഈ പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിന് അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്നും ഇരു രാജ്യങ്ങളും പ്രതിജ്ഞയെടുത്തു.
04. ഇന്ത്യൻ തീർഥാടകരുടെ ടിബറ്റിലേക്കുള്ള യാത്ര പുനരാരംഭിക്കുക, അതിർത്തി കടന്നുള്ള നദീതട സഹകരണം, നാഥുല അതിർത്തി വ്യാപാരം എന്നിവ ഉൾപ്പെടെ അതിർത്തി കടന്നുള്ള കൈമാറ്റങ്ങളും സഹകരണവും ശക്തിപ്പെടുത്താൻ ധാരണയായി.
05. സ്പെഷ്യൽ റെപ്രസൻ്റേറ്റീവ്സ് മീറ്റിംഗ് മെക്കാനിസം കൂടുതൽ ശക്തിപ്പെടുത്താൻ ഇരുപക്ഷവും സമ്മതിക്കുകയും തുടർനടപടികൾ നടപ്പിലാക്കാൻ ചൈന-ഇന്ത്യ വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ ഓൺ ബോർഡർ അഫയേഴ്സിന് (ഡബ്ല്യുഎംസിസി) നിർദ്ദേശം നൽകുകയും ചെയ്തു.
06. പ്രത്യേക പ്രതിനിധികളുടെ അടുത്ത റൗണ്ട് ചർച്ചകൾ നടത്താൻ “പരസ്പരം സൗകര്യപ്രദമായ” സമയത്ത് എൻഎസ്എ ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.
Discussion about this post