നിരവധി പോഷകഗുണങ്ങളുള്ള ഒരു ഫലമാണ് തണ്ണിമത്തൻ. പ്രത്യേകിച്ച് വേനൽകാലത്ത് തണ്ണിമത്തന് ആവശ്യക്കാരേറെയാണ്. തണ്ണിമത്തൻ ജ്യൂസ് ആയും അല്ലാതെയും നാം കഴിക്കാറുണ്ട്. വെള്ളത്തിന്റെ അളവും കലോറിയും കൂടുതലാണെന്നതും എന്നാൽ, വിലക്കുറവും കാരണം തന്നെ കടകളിൽ ഇവ കണ്ടാൽ നാം വാങ്ങാൻ മടിക്കാറില്ല.
കടകളിൽ നിന്നും തണ്ണിമത്തൻ വാങ്ങുമ്പോൾ കയ്യിൽ എടുത്ത് ഭാരം നോക്കിയും തട്ടി നോക്കിയുമെല്ലാം ആളുകൾ വാങ്ങുന്നത് കാണാറുണ്ട്. എന്നാൽ, പലപ്പോഴും നാമിത് വാങ്ങുമ്പോൾ, മധുരമില്ലാത്തതും ചിലപ്പോൾ ചീഞ്ഞതും അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്‌നമുള്ളതുമൊക്കെയാവാറുണ്ട്. മാത്രമല്ല, ചിലത് പഴുക്കാത്തതും ആവാറുണ്ട്.
നീളമുള്ളതും ഉരുണ്ടതുമായ രണ്ട് തരത്തിലുള്ള തണ്ണിമത്തനാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. ഇതിൽ ഏറ്റവും നല്ലത് ഉരുണ്ട തണ്ണിമത്തനാണ്. ഈ തണ്ണിമത്തനാണ് മധുരം കൂടുതലും രുചികൂടുതലും ഉണ്ടാകുക. അതേസമയം, കൂടുതൽ വെള്ളമുണ്ടാകുക നീളമുള്ള തണ്ണിമത്തനാണ്. ഇവയ്ക്ക് രുചി അൽപ്പം കുറവായിരിക്കും.
ഇനി എങ്ങനെയാണ് ഇവ പഴുപ്പ് കൂടിയതോ കുറഞ്ഞതോ എന്ന് നോക്കുക എന്നറിയാം… നന്നായി പഴുത്ത തണ്ണിമത്തന്റെ തോട് നല്ല ഇരുണ്ട പച്ച നിറമുള്ളതും പരുക്കനുമായിരിക്കും. ഇവയുടെ പുറംതോടിൽ ഓറഞ്ച് കളർ പോലുള്ള കുത്തുകൾ ഉണ്ടെങ്കിൽ അവയും പഴുത്ത തണ്ണിമത്തൻ ആയിരിക്കും. വെള്ള നിറത്തിലുള്ള കുത്തുകളാണ് ഇവയുടെ തോടിൽ ഉള്ളത് എങ്കിൽ, അവ പഴുത്തിട്ടുണ്ടാകില്ല. ഇങ്ങനെയുള്ള തണ്ണിമത്തൻ രുചിയും കുറവായിരിക്കും.
തോടിൽ നിറയെ പാടുകളോട് കൂടിയ തണ്ണിമത്തനായിരിക്കും മധുരം കൂടിയവ. തണ്ണിമത്തൻ വാങ്ങുമ്പോൾ ഒന്ന് മണത്ത് നോക്കുകയും ചെയ്യുക. ഇവയ്ക്ക് നല്ല സ്വീറ്റ് ആയ മണം തോന്നുന്നുണ്ടെങ്കിൽ, അവ നല്ലതായിരിക്കും.
Discussion about this post