കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വാസതടസം മൂലം ഈ മാസം 15 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യനില ഗുരുതരമാവുകയും ചെയ്യുകയായിരുന്നു. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
മലയാള സാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്രപതിപ്പിച്ചയാളായ എംടി,അദ്ധ്യാപകൻ പത്രാധിപൻ,തിരക്കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായി. തൊട്ട് അയൽപ്പക്കത്തും നാട്ടിലും വീട്ടിലും കണ്ട് പരിചയിച്ച കഥാപാത്രങ്ങളാണ് എംടിയുടെ തൂലികയിലൂടെ പിറന്നുവീണത്. ജീവിതത്തിലെ ഉൾക്കാഴ്ചകളിലേക്കും നാട്ടിൻപുറത്തെ നന്മകളിലേക്കും അദ്ദേഹം തന്റെ കഥകളെ കൊണ്ടെത്തിച്ചു. ബാല്യവും യൗവനവും വാർദ്ധക്യവും വരികളിൽ നിറഞ്ഞുനിന്നു. സ്‌നേഹം,സങ്കടം,ദേഷ്യം,വെറുപ്പ്,വിങ്ങൽ,പ്രണയം… അങ്ങനെ മനുഷ്യജീവിതത്തിലെ വികാരവിക്ഷോഭങ്ങളെല്ലാം എംടിയുടെ കഥയുടെ പ്രമേയയങ്ങളായി. പ്രായം 90 കളിലെത്തിയിട്ടും അദ്ദേഹം തന്റെ പേന ചലിപ്പിച്ചുകൊണ്ടെയിരുന്നു.
സ്‌കൂൾ കാലഘട്ടം മുതൽ മഷിപുരണ്ട പേപ്പറുകൾ കൂട്ടിനുണ്ടായിരുന്ന അദ്ദേഹത്തെ തേടി നിരവധി പുരസ്‌കാരങ്ങൾ നേടി. രാജ്യം അദ്ദേഹത്തിനെ പത്മഭൂഷൺ നൽകി ആദരിച്ചു. 1986 ൽ കേരളസാഹിത്യ അക്കാദമി പുരസ്‌കാരത്തിൽ തുടങ്ങി,മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം,തിരക്കഥയ്ക്കുള്ള പുരസ്‌കാരം, കേരളസംസ്ഥാന പുരസ്‌കാരം തുടങ്ങി ജ്ഞാനപീഠം വരെ എത്തിനിൽക്കുന്നു അദ്ദേഹത്തിന് ലഭിച്ച എണ്ണമറ്റ അംഗീകാരങ്ങളുടെ പട്ടിക. മലയാളസാഹിത്യത്തിലെ കാരണവർ വിടവാങ്ങുമ്പോൾ യുഗാന്ത്യമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.
Discussion about this post