അടുത്ത വര്‍ഷത്തേക്ക് ആറ് രാജ്യങ്ങളില്‍ കൂടി തത്സമയ യുപിഐ ഇടപാടുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി എന്‍ഐപിഎല്‍. എന്‍പിസിഐയുടെ ആഭ്യന്തര പേയ്മെന്റ് സംവിധാനം ആഗോളതലത്തില്‍ നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് (എന്‍ഐപിഎല്‍). അടുത്ത വര്‍ഷം നാല് മുതല്‍ ആറ് രാജ്യങ്ങളില്‍ വരെ ഈ സംവിധാനം നടപ്പിലാക്കാനാണ് ഇവര്‍ ഒരുങ്ങുന്നത്.
ഖത്തര്‍, തായ്ലാന്‍ഡ്, തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖല എന്നിവിടങ്ങളില്‍ യുപിഐ സംവിധാനം വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. ഈ രാജ്യങ്ങളിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് യുപിഐ സംവിധാനം ഉപയോഗിച്ച് തത്സമയ ഇടപാടുകള്‍ നടത്താന്‍ കഴിയും. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ ഉടമസ്ഥതയിലുള്ള പേയ്മെന്റ് സംവിധാനമായ എന്‍ഐപിഎല്‍ ആണ് ഇത് നടപ്പിലാക്കുക.
നിലവില്‍ ഭൂട്ടാന്‍, മൗറീഷ്യസ്, നേപ്പാള്‍, സിംഗപ്പൂര്‍, ശ്രീലങ്ക, ഫ്രാന്‍സ് തുടങ്ങിയ ഏഴ് രാജ്യങ്ങളില്‍ യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്നുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ ഇടപാടുകള്‍ നടത്തുന്നതിന് ഉപഭോക്താക്കളെ ബോധവത്കരിക്കാന്‍ ഇന്ത്യയിലെ ബാങ്കുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഉപയോക്താക്കള്‍ വിദേശ വിപണിയില്‍ ഇത് ഉപയോഗിക്കുമ്പോള്‍ ആവശ്യമായ അറിയിപ്പുകള്‍ നല്‍കാന്‍ ഫിന്‍ടെക്ക് കമ്പനികളുമായി കൈകോര്‍ക്കുകയാണ് ഇതു കൂടാതെ, നിലനില്‍ ആറ് വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ടെര്‍മിനലുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
മറ്റ് രാജ്യങ്ങളിലേക്ക് യുപിഐ നടപ്പിലാക്കിയതിന് പുറമെ, ഇന്ത്യയുടെ തത്സമയ പേയ്മെന്റ് സംവിധാനത്തിന് സമാനമായ പേയ്മെന്റ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് എന്‍ഐപിഎല്‍ പെറു, നമീബിയ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
Discussion about this post