ക്രിസ്മസ് ന്യൂ ഇയര്‍ കാലത്തെ യാത്രത്തിരക്കിന്റെ മറവില്‍ യാത്രക്കാരെ കൊള്ളയടിക്കാനുള്ള നീക്കത്തിലാണ് വിമാന കമ്പനികളും. ക്രിസ്മസ് – പുതുവത്സര അവധിക്കാലം അടുത്തെത്തിയതോടെ പല റൂട്ടുകളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് വിമാന കമ്പനികള്‍. വിമാന ടിക്കറ്റ് നിരക്കുകളിലെ ഈ വന്‍ വര്‍ധനവ് പലപ്പോഴും പലും കാര്യമാക്കാറില്ല. ഇപ്പോഴിതാ ദില്ലിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലെ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിക്കൊണ്ട് കോണ്‍ഗ്രസ് വക്താവ് ഡോ. ഷമാ മുഹമ്മദ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
ഡിസംബര്‍ 21-ന് ദില്ലിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റുകളുടെ ഉയര്‍ന്ന വില കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ടാണ് ഡോ. ഷമാ തന്റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ പങ്കുവെച്ചത്. ഡോ. ഷമാ മുഹമ്മദ് പങ്കുവച്ച പോസ്റ്റിലെ സ്‌ക്രീന്‍ഷോട്ടില്‍ 21,966 രൂപയ്ക്കും 22,701 രൂപയ്ക്കും ദില്ലിയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റിന്റെ വിലവിവരങ്ങളാണ് ഉള്ളത്.
ഇതേസമയത്ത് ദുബായിലേക്ക് പോകാന്‍ ഇത്രയും ചെലവാകില്ലെന്നും ഷമാ മുഹമ്മദ് തന്റെ കുറിപ്പിലെഴുതി.
ഡോ. ഷമയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വളരെപ്പെട്ടെന്നാണ് വൈറലായത്. ഒപ്പം നിരവധിപേരാണ് തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളും കമന്റുകളായി പങ്കുവെച്ചത്. യാത്രക്കാരെ ചൂഷണം ചെയ്യാന്‍ ഇത്തരം കമ്പനികളെ അനുവദിക്കുന്നത് ഉപഭോക്തൃ വിരുദ്ധവും അന്യായവുമാണന്ന് സോഷ്യല്‍മീഡിയയില്‍ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.
Discussion about this post