തണുപ്പ് മാസം . ചർമ്മത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്ന സമയമാണ് ഈ മാസം. അതുകൊണ്ട് ചർമ്മ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധയും സമയവും കണ്ടെത്തണം. പലതരം കോസ്മെറ്റിക്സ് നമ്മൾ ഉപയോഗിക്കാറുണ്ടെങ്കിലും പെട്രോളിയം ജെല്ലിയാണ് ഇക്കൂട്ടത്തിൽ താരം. ഒട്ടുമിക്ക ആളുകളുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് വാസ്ലിൻ എന്ന് വിളിക്കുന്ന പെട്രോളിയം ജെല്ലി.
ചുണ്ടിന്റെ വിണ്ടുകീറലിന് പരിഹാരം മുതൽ മുറിവുകൾക്കും ചതവുകൾക്കും വരെ പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നവരുണ്ട്. പല പേരിലും രൂപത്തിലും ധാരാളം ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്.
എന്താണ് പെട്രോളിയം ജെല്ലി ?
പ്രകൃതിദത്ത മെഴുകും മിനറൽ ഓയിലും ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ് പെട്രോളിയം ജെല്ലി. ഇത് ചർമ്മത്തെ മൃദുവാക്കുന്നു. വരണ്ട് പൊട്ടിയ ചർമ്മത്തെ വരെ പൂർവ്വസ്ഥിതിയിലാക്കാനുള്ള കഴിവുള്ള പദാർത്ഥമാണിത്.
പെട്രോളിയം ജെല്ലി എന്ന ഓൾറൗണ്ടർ മരുന്ന് മിക്ക വീടുകളിലും ഉണ്ടാകും. ചിലർക്കിത് ചർമ്മം മൃദുവാക്കാനും മയപ്പെടുത്താനുമുള്ള ലേപനം ആണെങ്കിൽ മറ്റ് ചിലർക്ക് പെട്ടെന്നുണ്ടാകുന്ന മുറിവിനും ചതവിനുമുള്ള പ്രാഥമിക ശുശ്രൂഷ മാർഗമാണ്. അതുകൊണ്ട് ഒറ്റവാക്കിൽ ഒതുങ്ങുന്ന ഗുണങ്ങല്ല ഈ ജെല്ലിനുള്ളത്. അവ ഏതെന്ന് ഓരോന്നായി നോക്കാം.
*വിണ്ടുകീറുന്ന ഉപ്പൂറ്റികളുടെ സംരക്ഷകനായിട്ടാണ് വാസലീൻ എന്ന പെട്രോളിയം ജെല്ലി സാധാരണക്കാർക്കിടയിൽ പ്രസിദ്ധനായത്. വിണ്ടുകീറുന്നതിനെ പ്രതിരോധിക്കാനും കാൽ മൃദുവാക്കി നിലനിർത്താനും സഹായിക്കുന്ന ലേപനമാണിത്.
*രാത്രി ഉറങ്ങുന്നതിന് മുൻപ് കാൽ വൃത്തിയായി കഴുകി തുടച്ചതിന് ശേഷം കുറച്ച് പെട്രോളിയം ജെല്ലി കൈകളിലെടുത്ത് വിണ്ടുകീറിയ ഭാഗങ്ങളിൽ പുരട്ടാറുണ്ട്.
*സോപ്പിന്റെയും സാനിറ്റൈസറിന്റെയുമെല്ലാം അമിത ഉപയോഗം നിങ്ങളുടെ കൈകൾ വളരെ വേഗം വരണ്ടു പോകുന്നതിന് കാരണമാകും. ഇതിന്റെ അടയാളങ്ങൾ നഖത്തിന് ചുറ്റും പ്രകടമാകുന്നത് അഭംഗിയാണ്. പെട്രോളിയം ജെല്ലിയുടെ വഴുവഴുപ്പ് കുറഞ്ഞ ഘടന നിങ്ങളുടെ ചർമ്മം വരണ്ടു പോകുന്നതിൽ നിന്നും സംരക്ഷിക്കും.
*മുഖത്തും നെറ്റിയിലുമെല്ലാം പടർന്ന് കിടക്കുന്ന മുടിയിഴകളാണ് ഇപ്പോഴത്തെ ട്രെൻഡ്. എന്നാൽ ഈ അഴിച്ചിടുന്ന മുടി പാറിപ്പറന്ന് വഷളാകുന്നത് പലരുടെയും പ്രശ്നമാണ്. പെട്രോളിയം ജെല്ലി അതിനൊരു പരിഹാരമാർഗമാണ്. മുടിയിഴകളെ വാസലീൻ പുരട്ടി ഒതുക്കി നിർത്താം.അൽപ്പം പെട്രോളിയം ജെൽ എടുത്ത് മുടിയിൽ പുരട്ടിയാൽ മുടി വരണ്ടുണങ്ങി നശിക്കുന്നത് തടയാൻ ഏറെ സഹായകരമാണ്. മിതമായ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
*സ്ഥിരമായി കാതിൽ കമ്മൽ അണിയാത്തവർ ഇടക്ക് അണിയുമ്പോൾ വേദനയുണ്ടാകുകയും മുറിയുകയും ചെയ്യാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആഭരണം അണിയുന്ന ദ്വാരത്തിനു ചുറ്റും അൽപ്പം പെട്രോളിയം ജെൽ പുരട്ടിയാൽ അണിയുമ്പോൾ മാത്രമല്ല, ദീർഘനേരം വേദനയില്ലാതെ കൊണ്ട് നടക്കാം.
*മേക്കപ്പിന് തരാൻ കഴിയാത്ത ഗ്ലോ പെട്രോളിയം ജെല്ലി ഉപയോഗിച്ചാൽ ഉണ്ടാകും. കവിളെല്ലുകൾക്ക് മുകളിലായും പുരികത്തിന് താഴെയായും മൂക്കിന്റെ അഗ്രത്തോട് ചേർന്നുമെല്ലാം നേരിയ രീതിയിൽ ഇത് പുരട്ടിക്കൊടുക്കാം. ചുണ്ടത്തോ കണ്ണിന് മുകളിലോ വാസ്ലിൻ പുരട്ടുത്തന്നത് ഒരു ‘നാച്ചുറൽ’ ഷൈൻ നൽകും.
*മസ്‌കാര ഉപയോഗിക്കുന്നതിന് പകരമായി പെട്രോളിയം ജെല്ലി പുരട്ടുന്നത് നിങ്ങൾക്ക് നല്ലൊരു നോ മേക്കപ്പ് ലുക്ക് നൽകും.
*പെട്രോളിയം ജെല്ലി നല്ലൊരു മേക്കപ്പ് റിമൂവർ കൂടിയാണ്. പഞ്ഞിയിൽ തേച്ച് ഇത് മുഖത്ത് ഉരസിയാൽ മേക്കപ്പ് പെട്ടെന്ന് ഇളകിപോകാൻ സഹായിക്കും. മസ്‌കാര, ഐലൈനർ എന്നിവയും മായ്ച്ച് കളയാം.
*ചുണ്ടിന് സ്വാഭാവികമായ ഈർപ്പം ലഭിക്കാത്ത സാഹചര്യത്തിൽ ഉപയോഗിക്കുന്നതാണ് ലിപ് ബാമുകൾ. ഇത് ചുണ്ടിന് തിളക്കവും ഈർപ്പവും നൽകി വരളാതെ സംരക്ഷിക്കും. പെട്രോളിയം ജെല്ലി മികച്ചൊരു ലിപ് ബാം ആണ്. ലിപ്സ്റ്റിക് ഉപയോഗിക്കാൻ മടിക്കുന്നവർക്ക് ഇത് ഉപയോഗിക്കാം.
Discussion about this post