ന്യൂഡൽഹി : ഇന്ത്യയുടെ ഏതാനും ഭാഗങ്ങൾ കൂടി കൂട്ടിച്ചേർത്ത് ബംഗ്ലാദേശ് ഭൂപടം പോസ്റ്റ് ചെയ്ത് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉപദേശകൻ. ഇന്ത്യൻ സംസ്ഥാനങ്ങളായ പശ്ചിമബംഗാൾ, അസം, ത്രിപുര എന്നിവ കൂട്ടിച്ചേർത്താണ് ബംഗ്ലാദേശിന്റെ ഭൂപടം തയ്യാറാക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇടക്കാല സർക്കാരിന്റെ ഭരണാധികാരി മുഹമ്മദ് യൂനസിൻ്റെ പ്രധാന സഹായി മഹ്ഫൂജ് ആലം ആണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഈ ചിത്രം പോസ്റ്റ് ചെയ്തത്.
പോസ്റ്റ് വിവാദമായതോടെ വൈകാതെ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഈ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്താനായി വാർത്താസമ്മേളനം നടത്തുന്നതിനു മുൻപേ തന്നെ മഹ്ഫൂജ് ആലം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച പ്രക്ഷോഭം ഇന്ത്യ അംഗീകരിക്കണമെന്നും ഈ പോസ്റ്റിൽ ആലം നിർദ്ദേശിച്ചിരുന്നു.
ഈ വിഷയത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം ബംഗ്ലാദേശ് അധികൃതരെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു . “പ്രസ്തുത പോസ്റ്റ് നീക്കം ചെയ്തതായി മനസ്സിലാക്കുന്നു. എല്ലാ കക്ഷികളും അവരുടെ പൊതു അഭിപ്രായങ്ങളിൽ ശ്രദ്ധ പുലർത്തണമെന്ന് ഞങ്ങൾ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു” എന്നും ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
Discussion about this post