ഇന്ത്യന്‍ സംസ്‌കാരത്തില്‍ തന്നെക്കാള്‍ മുതിര്‍ന്നവരെ ബഹുമാനത്തോടെയാണ് അഭിസംബോധന ചെയ്യുന്നത്. എന്നാല്‍ കാലത്തിന് മാറ്റം സംഭവിച്ചപ്പോള്‍ ആ രീതിയൊക്കെ ഇപ്പോള്‍ അന്യം നിന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു പരാതി പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കായ ലിങ്ക്ഡ് ഇനില്‍ ചര്‍ച്ചയായിരിക്കുകയാണ്. സാകേത് എന്നയാള്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ,
ഞാനൊരു പഴഞ്ചനാണെന്ന് നിങ്ങള്‍ക്ക് പറയാം പക്ഷെ 2025 ല്‍ എന്റെ കോളേജില്‍ നിന്ന് പാസ് ഔട്ട് ആയ ഒരാള്‍ ലിങ്ക്ഡ് ഇനില്‍ എനിക്ക് സന്ദേശം അയച്ചത് ഇങ്ങനെയാണ്- ‘ ഹായ്, സാകേത്, നമ്മള്‍ ഒരു കോളേജില്‍ പഠിച്ചവരാണ്’. അപ്പോള്‍ തന്നെ, അയാളോടുള്ള താത്പര്യം പോയി. മോനേ, നീ 2025 ല്‍ പാസ് ഔട്ട് ആയതാണ്. 1994 ല്‍ പാസ് ഔട്ട് ആയവരെ നീ പേര് വിളിച്ചാണോ അഭിസംബോധന ചെയ്യുന്നത്? 1993 ല്‍ പാസ് ഔട്ട് ആയവരെയും അതിന് മുമ്പുള്ളവരേയും ഞാന്‍ ഇപ്പോഴും ‘സര്‍’ എന്നാണ് വിളിക്കുന്നത്. ഇത് അമേരിക്കനൈസ്ഡ് സംസ്‌കാരം’
എന്നാല്‍ ഈ പോസ്റ്റ് പങ്കുവെച്ച് ഉടന്‍ തന്നെ വലിയ ചര്‍ച്ചയായി. പത്ത് ലക്ഷത്തിലേറെ പേര്‍ പോസ്റ്റ് കണ്ടു. സാകേതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. അതായത് കോളേജില്‍ പാസ് ഔട്ടായിക്കഴിഞ്ഞിട്ടും ഇതൊക്കെ ഫോളോ ചെയ്യേണ്ടതുണ്ടോ എന്നായിരുന്നു ചിലരുടെ ചോദ്യം. എന്നാല്‍ എപ്പോഴായാലും മുതിര്‍ന്നവരെ ബഹുമാനിക്കുക തന്നെ വേണമെന്ന് മറ്റൊരു കൂട്ടരും പറഞ്ഞു.
Discussion about this post