വാഷിംഗ്ടൺ : സിറിയയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് കൊല്ലപ്പെട്ടതായി യുഎസ് ഭരണകൂടം സ്ഥിരീകരിച്ചു. കിഴക്കൻ സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഐഎസ് നേതാവ് അബു യൂസഫ് ആണ് കൊല്ലപ്പെട്ടത്. യുഎസ് സെൻട്രൽ കമാൻഡ് ആണ് ഈ ഭീകരന്റെ മരണം സ്ഥിരീകരിച്ചത്.
കിഴക്കൻ സിറിയയിലെ ഏതാനും മേഖലകളിൽ ഐഎസിനെതിരെ യുഎസിൻ്റെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം തുടരുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ മുതിർന്ന നേതാവും സിറിയയിലും ഇറാഖിലും നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്ത ഭീകരനാണ് അബു യൂസഫ്.
കിഴക്കൻ സിറിയയിലെ തന്ത്രപ്രധാനമായ മേഖലയായ ഡീർ ഇസോറിലാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഇറാഖിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ നിരവധി ഐഎസ് ഭീകരർ ഈ മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഐഎസിന്റെ ഉന്മൂലനത്തിനായി ഈ പ്രദേശങ്ങൾ ലക്ഷ്യം വച്ചാണ് അമേരിക്കൻ സഖ്യസേന ആക്രമണങ്ങൾ നടത്തുന്നത്.
Discussion about this post