ബെർലിൻ: ജർമ്മനിയിൽ ക്രിസ്തുമസ് മാർക്കറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. സംഭവത്തിൽ ഏഴ് ഇന്ത്യക്കാർക്ക് പരിക്കേറ്റ പശ്ചാത്തലത്തിൽ സംഭവത്തെ അപലപിച്ച് ഇന്ത്യ രംഗത്ത് എത്തിയത്. ഉണ്ടായത് വിവേകമില്ലാത്ത പ്രവൃത്തി ആണെന്ന് ഇന്ത്യ വിമർശിച്ചു.
മാഗ്‌ഡെബർഗിലെ ക്രിസ്തുമസ് മാർക്കറ്റിൽ ഉണ്ടായ ബുദ്ധിശൂന്യമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം പറഞ്ഞു. ആക്രമണത്തിൽ നിരവധി വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ജർമ്മനയിലെ ഇന്ത്യൻ എംബസി നൽകും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി അടിയ്ക്കടി വിലയിരുത്തുന്നുണ്ട്. ഇവരുടെ കുടുംബങ്ങളുമായി ഹൈക്കമ്മീഷൻ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആവശ്യമായ എല്ലാ സഹായങ്ങളും ഇവർക്ക് നൽകുമെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് ക്രിസ്തുമസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറിയത്. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 200 പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ സൗദി അറേബ്യൻ സ്വദേശിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിസ്തുമസ് അടുത്തതോടെ മാർക്കറ്റിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇതിനിടയിലേക്ക് അക്രമി കാറോടിച്ച് കയറ്റുകയായിരുന്നു. ഭീകരാക്രമണം ആണ് ഉണ്ടായത് എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post