കുവൈത്ത് സിറ്റി: 1500-ഓളം ഇന്ത്യൻ പൗരന്മാരടങ്ങുന്ന തൊഴിലാളിക്യാമ്പ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിലെ മിന അബ്ദുല്ല മേഖലയിൽ സ്ഥിതിചെയ്യുന്ന ക്യാമ്പാണ് സന്ദർശിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ഇതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ക്യാമ്പിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു വിഭാഗം തൊഴിലാളികളുമായി അദ്ദേഹം സംവദിക്കുകയും അവരുടെ ക്ഷേമം ചോദിച്ചറിയുകയും ചെയ്തു. ലഘുഭക്ഷണം വിളമ്പുമ്പോൾ അവരിൽ ചിലർക്കൊപ്പം ഒരു മേശയിലിരിക്കുകയും ചെയ്യുന്നത് ചിത്രങ്ങളിൽ കാണാം.
കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണപ്രകാരമായിരുന്നു 43 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ദ്വിദിന കുവൈറ്റ് സന്ദർശനം. ദ്വിദിന സന്ദർശനത്തിന്റെ ആദ്യ ദിവസം നഗരത്തിലെ ഷെയ്ഖ് സാദ് അൽ അബ്ദുല്ല ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ ‘ഹലാ മോദി’ എന്ന പരിപാടിയിൽ പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികളുടെ വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്തു .ജനുവരിയിൽ ഇന്ത്യയിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലും മഹാ കുംഭത്തിലും പങ്കെടുക്കാൻ ഇന്ത്യൻ പ്രവാസികളെ പ്രധാനമന്ത്രി ക്ഷണിച്ചു.
കുവൈത്തിൽ കണ്ടത് ‘മിനി ഹിന്ദുസ്ഥാൻ’ ആണെന്നാണ് പ്രധാനമന്ത്രി ഈ പരിപാടിയിൽ വ്യക്തമാക്കിയത്. വിദേശത്തുള്ള ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിന് പ്രധാനമന്ത്രി നൽകുന്ന പ്രാധാന്യത്തിന്റെ പ്രതീകമാണ് ലേബർ ക്യാമ്പ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു
കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ 21 ശതമാനം ഇന്ത്യക്കാരാണ്. രാജ്യത്തെ തൊഴിലാളികളിലെ 30 ശതമാനവും ഇന്ത്യക്കാരാണ്. 2023-24 സാമ്പത്തിക വർഷത്തിൽ 10.47 ബില്യൺ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമായിരുന്നു ഇന്ത്യയും കുവൈത്തും തമ്മിൽ നടത്തിയിരുന്നത്. കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ഇന്ത്യയിൽ 10 ബില്യൺ യുഎസ് ഡോളറിലേറെ നിക്ഷേപവും നടത്തിയിട്ടുണ്ട്.
Discussion about this post