കുവൈത്തിൽ പ്രാചീന ഭദ്രകാളാ ക്ഷേത്രം കണ്ടെത്തിയെന്ന പ്രചരണം തെറ്റാണെന്ന് വിവരം. കുവൈത്തിലെ ഫൈലാക ദ്വീപിൽ വെങ്കലയുഗത്തിലെ ദിൽമുൻ നാഗരികതയുടെ കാലത്തെ ക്ഷേത്രം കണ്ടെത്തിയെന്ന പ്രമുഖ മാദ്ധ്യമത്തിന്റെ വാർത്ത അടിസ്ഥാനപ്പെടുത്തിയാണ് ഭദ്രകാളി ക്ഷേത്രം കണ്ടെത്തിയെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ.
മോസ്ഗാർഡ് മ്യൂസിയത്തിൻറെ നേതൃത്വത്തിലുള്ള ഡാനിഷ്-കുവൈത്ത് സംയുക്ത ഉത്ഖനന സംഘമാണ് ക്ഷേത്രം കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയിട്ടുള്ള കൊട്ടാരത്തിൻറെയും ദിൽമുൻ ക്ഷേത്രത്തിൻറെയും കിഴക്കാണ് കണ്ടെത്തിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് 11 ഃ 11 മീറ്റർ വലിപ്പമുണ്ട്. കൂടാതെ നിരവധി ബലിപീഠങ്ങളും അടങ്ങിയിരിക്കുന്നു. ബി.സി. 1900-1800 കാലഘട്ടത്തിലെ ആദ്യകാല ദിൽമുൺ സംസ്‌കാര കാലഘട്ടത്തിലേതാണ് ഈ പ്രദേശമെന്ന് സംഘം പറയുന്നു. അച്ചുകളും മൺപാത്രങ്ങളും ഉൾപ്പെടെ കണ്ടെത്തി.
ഇതെക്കുറിച്ച് പുറത്തുവന്ന വിവിധ വാർത്തകളിൽ ‘ടെമ്പിൾ’ എന്ന വാക്കാണ് ഉപയോഗിച്ചിരുന്നത്. ഈ വാക്കിന് ആരാധനാലയം എന്ന അർത്ഥമേയുള്ളൂ. അത് ഗ്രീക്ക് ആരാധനാലയമാകാം ബൗദ്ധമാകാം മറ്റ് പലതുമാകാം. എന്നാൽ ഈ വാക്കിന്റെ മലയാള വിവർത്തനമായ ‘ക്ഷേത്രം’ എന്നത് പലരെയും തെറ്റിദ്ധരിപ്പിക്കുന്നതായാണ് മനസ്സിലാക്കാൻ കഴിയുന്നത്. ക്ഷേത്രം കണ്ടെത്തി എന്ന വാർത്ത വന്നതോടെ പലരും അത് ഹൈന്ദവക്ഷേത്രം കണ്ടെത്തിയെന്ന് തെറ്റിദ്ധരിച്ചതായിരുന്നുവെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
Discussion about this post