തിരുവനന്തപുരം: സൗകര്യമില്ലാത്ത അടുക്കളകൾ നവീകരിക്കാൻ ഇനി തദ്ദേശസ്ഥാപനങ്ങൾ പണം നൽകും. ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടി അടുക്കളകൾ നവീകരിക്കുന്ന പദ്ധതി അനുമതി ലഭിച്ചു. ഈസി കിച്ചൺ എന്നാണ് പദ്ധതിയുടെ പേര്. വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല ഏകോപന സമിതിയാണ് പദ്ധതിയ്ക്ക് അനുമതി നൽകിയത്.
അടുക്കളകളിലെ സൗകര്യക്കുറവ് വീട്ടമ്മമാരുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ പദ്ധതി ആവിഷ്‌കരിക്കാൻ തീരുമാനിച്ചത്. 2021 ലെ ബജറ്റിൽ അടുക്കളയിലെ നവീകരണത്തിനായി പലിശരഹിത വായ്പ നൽകുന്ന സ്മാർട് കിച്ചൺ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പദ്ധതി എങ്ങും എത്തിയില്ല. ഇതോടെയാണ് ഈസി കിച്ചൺ പദ്ധതിയുമായി തദ്ദേശഭരണവകുപ്പ് രംഗത്ത് എത്തിയത്.
വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കൂടാത്ത പൊതുവിഭാഗത്തിൽപ്പെട്ടവർക്കാണ് ഈ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അർഹതയുള്ളത്. പട്ടികജാതി വിഭാഗത്തിൽ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കൂടാത്തവർക്കും ആനുകൂല്യത്തിന് അർഹതയുണ്ട്. പട്ടികവർഗ വിഭാഗത്തിന് വരുമാന പരിധിയില്ല. അതേസമയം ലൈഫ് ഉൾപ്പെടെയുള്ള ഭവനനിർമാണ പദ്ധതികളിൽ ലഭിച്ച വീടുകൾക്ക് ധനസഹായം ലഭിക്കില്ല.
75,000 രൂപയാണ് ഒരു അടുക്കളയ്ക്ക് ലഭിക്കുക. തറമാറ്റി കോൺക്രീറ്റ് ചെയ്ത് സെറാമിക് ടൈൽ പാകാം. ഗ്രാനൈറ്റ് കിച്ചൺ സ്ലാബ്, എം.ഡി.എഫ്. കിച്ചൺ അലമാര, 200 ലിറ്റർ വാട്ടർടാങ്ക്, കിച്ചൻ സിങ്ക്, പൈപ്പ്, പെയിന്റിങ്, സോക്പിറ്റ് നിർമാണം എന്നിവയ്ക്കും പണം ലഭിക്കും. വയറിംഗ് ഉൾപ്പെടെ ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് ആറായിരം രൂപ ചെലവിടാം. ഇതിൽ ചിലതുമാത്രം മതിയെങ്കിൽ അതനുസരിച്ച് ധനസഹായം കണക്കാക്കും.











Discussion about this post