സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന പലരും പരാതി പറയുന്ന കാര്യമാണ് അപ്‌ഡേഷനുകൾക്ക് ശേഷം സംഭവിക്കുന്ന പച്ചവര. ടില ഫോണുകൾ അപ്‌ഡേറ്റ് ചെയ്തതിന് ശേഷം നോക്കുമ്പോൾ സ്‌ക്രീനിൽ കുത്തനെയൊരു പച്ച വര പ്രത്യക്ഷപ്പെടുന്നതാണ് സ്മാർട് ഫോണുകളിലെ ‘ഗ്രീൻ ലൈൻ പ്രോബ്‌ളം’. കനത്തതായോ അല്ലെങ്കിൽ ഇടമുറിഞ്ഞ നിലയിലോ ആയിരിക്കാം ഈ വര കാണപ്പെടുന്നത്. വൺപ്ലസ്, സാംസങ്, ഗൂഗിൾ പിക്‌സൽ, ചില ആപ്പിൾ ഫോണുകൾ ഉൾപ്പടെ മുൻനിര നിർമാതാക്കളുടെ വിവിധ ഫോണുകളിൽ ഈ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സ്‌ക്രീനിലെ കേടുപാടുകൾ മൂലമോ അല്ലെങ്കിൽ അപ്ഡേറ്റുകൾ മൂലമുള്ള ബഗുകൾ മൂലമോ കണക്ടറിൽ പ്രശ്നമുണ്ടാകുമ്പോഴോ സാധാരണയായി സ്മാർട്ട്ഫോണിലോ മറ്റേതെങ്കിലും ഡിസ്പ്ലേകളിലോ പച്ച വരകൾ ദൃശ്യമാകുന്നത്. ഇതൊരു ഹാർഡ്വെയർ പ്രശ്‌നമാണ്.വാറന്റി കാലാവധിയില്ലാത്ത സ്മാർട്ട്ഫോണുകൾക്ക് സൗജന്യ സേവനം നീട്ടി നൽകിക്കൊണ്ട് ചില കമ്പനികൾ ഈ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചു, അടുത്ത അപ്‌ഡേറ്റിൽ എല്ലാം ശരിയാക്കാമെന്നു ചില കമ്പനികൾ ആശ്വസിപ്പിക്കാറാണ് പതിവ്.
ഗ്രീൻ ലൈൻ പ്രശ്‌നത്തിന് പൂർണമായൊരു പരിഹാരവുമായി വൺപ്ലസ്.തങ്ങളുടെ സ്മാർട്ട്ഫോൺ ഡിസ്പ്ലേകളിൽ പുതിയ പിവിഎക്സ് ലെയർ അവതരിപ്പിച്ചതായിട്ടാണ് കമ്പനി പറയുന്നത്. സ്‌ക്രീനിൽ പച്ച വരകൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യത ഇതിലൂടെ കുറയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
സ്‌ക്രീൻ സുരക്ഷ ഉറപ്പാക്കാൻ അമോലെഡ് ഡിസ്പ്ലെയിലുള്ള വൺപ്ലസിന്റെ എല്ലാ ഫോണുകൾക്കും ലൈഫ്‌ടൈം വാറണ്ടി പദ്ധതി നൽകാനും വൺപ്ലസ് തീരുമാനിച്ചു. അതേസമയം നിലവിൽ നിർമാണത്തിലുള്ള മോഡലുകളിൽ പുതിയ പിവിഎക്‌സ് ലെയറുണ്ടാകുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Discussion about this post