കട്ടപ്പന: നിക്ഷേപത്തുക തിരകെ ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകന് സഹകരണ സൊസൈറ്റിക്ക് മുമ്പിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കട്ടപ്പന എ.എസ്.പി രാജേഷ‌്‌കുമാറിന്റെ നേതൃത്വത്തിൽ രണ്ട് സി.ഐമാരുൾപ്പെടെയുള്ള ഒമ്പതംഗ സംഘം അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചെന്നും കൂടുതൽ തെളിവുകൾ കണ്ടെത്തുമെന്നും ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് വ്യക്തമാക്കി.
20നാണ് കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാബുവിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച ആത്മഹത്യാകുറിപ്പിൽ തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറി റെജിയും ജീവനക്കാരായ ബിനോയും ഷിജുവുമാണെന്ന് വെളിപ്പെടുത്തിയിരുന്നു .ഇതിനെ തുടർന്ന് സൊസൈറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി കുടുംബവും രംഗത്തെത്തി. തൊട്ടുപിന്നാലെ ബാങ്ക് മുൻ പ്രസിഡന്റും സി.പി.എം മുൻ ഏരിയ സെക്രട്ടറിയുമായ വി.ആർ. സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്ത് വന്നിരുന്നു. തുടർന്ന് വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.
നിലവിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം ഫോൺ വഴി ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെ അന്വേഷണ പരിധിയിൽ വരും. ആത്മഹത്യ കുറിപ്പിൽ ആരോപണ വിധേയരായ സൊസൈറ്റി ജീവനക്കാരുടെ മൊഴികളും രേഖപ്പെടുത്തും. തെളിവുകൾ ശേഖരിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കും എന്നാണ് പോലീസ് ഇപ്പോൾ അറിയിക്കുന്നത്.
Discussion about this post