വാഷിംഗ്ടൺ: യേശു ക്രിസ്തുവിന്റെ സഹോദരൻ ജെയിംസിന്റെ അസ്ഥികൾ സൂക്ഷിച്ചിട്ടുള്ള പേടകം അമേരിക്കയിലെ അറ്റ്‌ലാൻഡയിൽ പ്രദർശനത്തിന് വച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ. യേശുക്രിസ്തുവിന്റെ കാലത്തെ ചരിത്രപ്രധാനമായ 350 വസ്തുക്കൾ പ്രദർശിപ്പിക്കുന്ന അമേരിക്കയിലെ അറ്റ്‌ലാന്റയിൽ പുൾമാൻ യാർഡിലാണ് പേടകം പ്രദർശനത്തിന് വച്ചിരിക്കുന്നത്. 2000 വർക്ഷം പഴക്കമുള്ള ഈ പേടകം ഇസ്രായേലിൽ നിന്നുമാണ് കണ്ടെത്തിയത്.
ചുണ്ണാമ്പുകല്ലിൽ തീർത്ത അസ്ഥിക്കൂട പേടകത്തിന്റെ പുറത്ത്, ‘ജെയിംസ്, ജോസഫിന്റെ മകൻ, യേശു ക്രിസ്തുവിന്റെ സഹോദരൻ’ എന്ന് പുരാതന അരാമിക് ഭാഷയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ക്രിസ്തുവിന്റെ കാലഘട്ടത്തിലെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട വസ്തുവെന്നാണ് പേടകം പ്രദർശനത്തിന് വച്ചിരിക്കുന്ന സംഘാടകർ പറയുന്നത്. നസ്രേയനായ യേശുവിന്റെയും സഹോദരന്റെയും പിതാവിന്റെയും പേരുകൾ ആലേഖനം ചെയ്തിരിക്കുന്നതിനാൽ തന്നെ ക്രിസ്തുവിന്റെ കുരിശാരോഹണത്തിന് ശേഷം ജെറുസലേമിലെ ക്രിസ്ത്യൻ സമൂഹത്തെ നയിച്ച ജെയിംസിന്റെ അസ്ഥികൾ തന്നെയാണിതെന്ന് പലരും വിശ്വസിക്കുന്നു.
1976ൽ കണ്ടെത്തിയ ഈ അസ്ഥി പേടകം, 2000ലാണ് പുറംലോകത്തിന് മുമ്പിലേക്ക് എത്തുന്നത്. ഇസ്രായേലിൽ വിദ്യാർത്ഥിയായിരിക്കെ ഈ പേടകം കണ്ടെത്തിയ ഒഗെഡ് ഗോലന്റെ ഉടമസ്ഥതയിലായിരുന്നു ഇത്. എന്നാൽ, പിന്നീട് ഈ പേടകത്തിന്റെ ആധികാരികത ചർച്ച ചെയ്യപ്പെടുകയും വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിലെ ലിഖിതം ഒഗെഡ് ഗോലൻ എഴുതി ചേർത്തതാണെന്ന ആരോപണങ്ങളാണ് ഉയർന്നത്. ഇതിന് പിന്നാലെ, 2023ൽ, അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു.
പേടകത്തിലെ ആലേഖനം സംബന്ധിച്ച് നിരവധി രാസപരിശോധനകൾ നടത്തിയതായാണ്് ഒഗെഡ് ഗോലൻ പറയുന്നത്. ഈ ആലേഖനങ്ങൾ ആധികാരികമാണെന്ന് പലതവണ ബോദ്ധ്യപ്പെട്ടിട്ടുള്ളതായും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ് ഇത് എഴുതിയിട്ടുള്ളതെന്നും വ്യക്തമായിട്ടുള്ളതായി അദ്ദേഹം പറയുന്നു.
ഒന്നാം നൂറ്റാണ്ടിലെ യഹൂദരുടെ ശവസംസ്‌കാര രീതികളിൽ മരിച്ചവരെ ആദ്യം ഗുഹകൾക്കുള്ളിൽ കിടത്തുകയും പിന്നീട് അവരുടെ അസ്ഥികൾ ശേഖരിച്ച് പെട്ടികളിൽ സൂക്ഷിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. എന്നാൽ, വർഷങ്ങൾക്ക് മുമ്പ് ഈ പേടകം ലഭിക്കുമ്പോൾ ഇത് ശൂന്യമായിരുന്നു. ഇതിലെ ജെയംസിന്റെ അസ്ഥികൾ എവിടെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാകും എന്നാണ് കരുതുന്നത്.
Discussion about this post