മോസ്‌കോ: പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷിച്ചുവെന്ന് റിപ്പോർട്ടുകൾ. സിറിയൻ മാതാപിതാക്കളുടെ മകളാണെങ്കിലും അസദിന്റെ ഭാര്യ അസ്മ യുകെയിലാണ് വളർന്നത്. ഇവിടേക്ക് തിരികെ പോകണമെന്നാണ് അസ്മ അൽ അസദ് താത്പര്യപ്പെടുന്നത്. വിമതർ എത്തുന്നതിന് മുൻപ് സിറിയയിൽ നിന്ന് രക്ഷപ്പെട്ട കുടുംബം നിലവിൽ റഷ്യയിലാണ് ഉള്ളത്.
രാജ്യം വിടുന്നതിനായി റഷ്യൻകോടതിയിൽ നിന്നുള്ള പ്രത്യേക അനുമതിയും അസ്മ തേടിയിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ അപേക്ഷ റഷ്യൻ കോടതി അധികൃതർ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്. സിറിയൻ പൗരത്വം കൂടാതെ ബ്രിട്ടീഷ് പൗരത്വവും അസ്മയ്ക്കുണ്ട്.
കംപ്യൂട്ടർ സയൻസിലും ഫ്രഞ്ച് സാഹിത്യത്തിലും ബിരുദമുള്ളയാളായ അസ്മ ഇൻവെസ്‌മെന്റ് ബാങ്കിങ് മേഖലയിലാണ് ജോലി നോക്കിയത്. 2000 ഡിസംബറിലാണ് ബഷാർ അൽ അസദിനെ വിവാഹം കഴിച്ചത്. മോസ്‌കോയിൽ അഭയം പ്രാപിച്ച അസദ് നിലവിൽ റഷ്യൻ സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾക്കു വിധേയനായാണു കഴിയുന്നത്. അഭയം തേടിയുള്ള അപേക്ഷ റഷ്യ അംഗീകരിച്ചെങ്കിലും രാജ്യം വിടാനോ രാഷ്ട്രീയ പ്രവർത്തനം നടത്താനോ അസദിന് അനുവാദമില്ല. 270 കിലോ സ്വർണം, കറൻസിയായുള്ള 2 ബില്യൻ യുഎസ് ഡോളർ, മോസ്‌കോയിലെ 18 വസ്തുവകകൾ തുടങ്ങിയ സ്വത്തുക്കളെല്ലാം മരവിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
രാജ്യം വിട്ട ബാഷർ അൽ അസദ് 250 മില്യൺ ഡോളർ (2,082 കോടി രൂപ) മോസ്‌കോയിലേക്ക് കടത്തിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2018-2019 കാലയളവിൽ ഏകദേശം രണ്ട് ടൺ 100 ഡോളർ നോട്ടുകളും 500 ന്റെ യൂറോ കറൻസികളും കടത്തി. ഇവ മോസ്‌കോയിലെത്തിച്ച ശേഷം റഷ്യൻ ബാങ്കുകളിൽ നിക്ഷേപിച്ചു. ഇതേ കാലയളവിൽ അസദിന്റെ ബന്ധുക്കൾ റഷ്യയിൽ രഹസ്യമായി സ്വത്തുക്കൾ വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു
Discussion about this post