സ്വപ്‌നങ്ങൾ കണ്ട്, ആഗ്രഹങ്ങൾ നിറവേറ്റി,സന്തോഷത്തോടെ പ്രിയപ്പെട്ടവർക്കൊപ്പം ജീവിതം നല്ലതുപോലെ ജീവിച്ചുതീർക്കാനാണ് എല്ലാവരും പരിശ്രമിക്കുന്നത്. എന്നിരുന്നാൽകൂടിയും അല്ലലും അലച്ചിലുമില്ലാത്ത ദു:ഖമില്ലാത്ത ഒരു ജീവിതം അസാധ്യം തന്നെ. അതിൽനിന്നെല്ലാം ഉയർന്നുവരുമ്പോഴാണ് വിജയം സാധ്യമാകുന്നത്. എന്നാൽ പലർക്കും തങ്ങളുടെ ജീവിതം സ്വന്തം തിരഞ്ഞെടുപ്പ് പോലുമാകില്ല,വിധിയുടെ വിളയാട്ടമോ ആരുടെയോ തെറ്റുകളോ സ്വയം അനുഭവിച്ച് അതിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുകയായിരിക്കും അവർ.
ലൈംഗികത്തൊഴിലാളിയായ റോക്‌സിയുടെ അത്തരത്തിലൊരു കഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ആളുകൾ ചർച്ചയാക്കുന്നത്. ഇൻഫ്‌ളൂവൻസറായ അനിഷ് ഭഗത് ആണ് റോക്‌സിയെ പരിഷ്‌കൃത സമൂഹത്തിന് പരിചയപ്പെടുത്തി നൽകുന്നത്. ഇന്ത്യയിലെ കുപ്രസിദ്ധിയാർജ്ജിച്ച ഒരു ചുവന്ന തെരുവിലേക്ക് തന്റെ ഫോളോവറായ റോക്‌സിയെ കാണാൻ പോകുകയാണ് ഭഗത്. ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നതും. റോക്‌സി തന്റെ ലോകമായ മുറി യുവാവിന് കാണിച്ച് നൽകുന്നതുമാണ് വീഡിയോയുടെ തുടക്കം.
കഴിഞ്ഞ 15 വർഷമായി ലൈംഗികത്തൊഴിലാളി ആണ് അവർ. പിതാവിന്റെ മപണശേഷം ജോലിക്കെന്നും പറഞ്ഞ് സ്വന്തം അമ്മാവനാണ് ഇവിടേക്ക് കൊണ്ടുവന്ന് വിറ്റുതള്ളിയതെന്ന് യുവതി വെളിപ്പടുത്തുന്നു. തന്റെ ബാല്യവും കൗമാരവും യുവത്വവുമെല്ലാം ചുവന്നതെരുവിലായിരുന്നുവെന്നും എന്നാൽ ആ വേദന ഇപ്പോൾ തനിക്കില്ലെന്നും യുവതി പറയുന്നു.
ഇവിടെ ജീവിക്കുന്ന സ്ത്രീകളുടെ വേദന തനിക്കറിയാമെന്നും താൻ ഇപ്പോൾ പുസ്തകങ്ങൾ വായിക്കുകയും എഴുതുകയും ഒക്കെ ചെയ്യാറുണ്ടെന്നും യുവതി പറയുന്നു. തന്റെ മകളെ നല്ല സ്‌കൂളിൽ അയച്ച് വിദ്യാഭ്യാസം നൽകിയാണ് വളർത്തുന്നതെന്നും മറ്റൊരു തലമുറ ഈ ജോലിയിലേക്ക് അബദ്ധവശാൽ വരരുതെന്നും റോക്‌സി ആഗ്രഹിക്കുന്നു. സ്ത്രീകളെ പീഡിപ്പിക്കരുതെന്നും തങ്ങളുടെ അടുത്തേക്ക് വരൂവെന്നുമാണ് യുവതി അഭ്യർത്ഥിക്കുന്നത്.
റോക്‌സിയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണോ എന്ന് ഭഗത് ചോദിക്കുമ്പോൾ സുഷി കഴിച്ചിട്ടില്ലെന്നും അത് ഇന്റർനെറ്റിൽ ഒരുപാട് കണ്ടിട്ടുണ്ടെന്നും യുവതി പറയുന്നു. ഒടുക്കം റോക്‌സിയും ഭഗതും സുഷി കഴിക്കുന്നയിടത്താണ് വീഡിയോ അവസാനിക്കുന്നത്. ചുവന്ന തെരുവിലെ മാത്രമല്ല നമ്മൾ പുശ്ചിച്ചുതള്ളുന്ന പലർക്കും ഇതുപോലെ പലകഥകളും പറയാനുണ്ടാവുമെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും.
Discussion about this post