വൈദ്യുതി ലാഭിക്കുന്നതിനായി വീടുകളിൽ പല വിദ്യകൾ പരീക്ഷിക്കുന്നവർ ആയിരിക്കും ഭൂരിഭാഗവും. ഇതിൽ പ്രധാനപ്പെട്ട സൂത്രവിദ്യയാണ് ഫ്രിഡ്ജ് ഓഫ് ആക്കി ഇടൽ. പല വീടുകളിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഫ്രിഡ്ജ് ഓഫ് ആക്കി ഇടാറുണ്ട്. ഇങ്ങനെ ചെയ്താൽ വൈദ്യുതി ബിൽ കുറയും എന്നാണ് പൊതുവെ വിശ്വാസം. ഇതുമാത്രമല്ല ഫ്രിഡ്ജിന്റെ ആയുസ് വർദ്ധിപ്പിക്കാൻ ഈ വിദ്യ ഉതകുമെന്നും ഇവർ കരുതുന്നു. തുടർച്ചയായി പ്രവർത്തിക്കുന്നത് ഫ്രിഡ്ജ് അമിതമായി ചൂടാകുന്നതിനും അങ്ങനെ പെട്ടെന്ന് കേടുവരുന്നതിനും കാരണം ആകുന്നു എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്താണ് ഇതിന്റെ വാസ്തവം?.
മണിക്കൂറുകളോ, അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലോ ഫ്രിഡ്ജ് ഓഫ് ആക്കി ഇടുന്നതിലൂടെ ഗുണം ലഭിക്കും എന്നാണ് കരുതുന്നത് എങ്കിൽ ഇത് തെറ്റാണെന്നാണ് വിദഗ്ധർ പറയുന്നത്. ക്ലീനിംഗിന്റെയോ, റിപ്പയറിംഗിന്റെയോ സമയത്ത് മാത്രം ഫ്രിഡ്ജ് ഓഫ് ആക്കി ഇടുന്നതാണ് നല്ലത്. ഒരു മാസത്തേയ്ക്ക് വീട് പൂട്ടി പുറത്തുപോകുന്ന സന്ദർഭങ്ങളിലും ഫ്രിഡ്ജ് ഓഫ് ആക്കി ഇടാം.
ഇന്നത്തെ ഫ്രിഡ്ജുകളിൽ എല്ലാം തന്നെ ഓട്ടോ കട്ട് സംവിധാനം ഉണ്ട്. അതുകൊണ്ട് തന്നെ ആവശ്യമുള്ള സന്ദർങ്ങളിൽ ഈ സംവിധാനം പ്രവർത്തിക്കും. കൂളിംഗിന് ശേഷം ഫ്രിഡ്ജ് ചൂടാകുന്ന സന്ദർഭത്തിലാണ് ഈ ഓട്ടോ കട്ട് സംവിധാനം പ്രവർത്തിക്കുക. ചൂടാകുമ്പോൾ പവർ ഓട്ടോമാറ്റിക് ആയി കട്ട് ചെയ്യും. അതുകൊണ്ട് തന്നെ ചൂടാകുമെന്ന് ഭയന്ന് ഫ്രിഡ്ജ് ഓഫ് ആക്കി ഇടുന്നതിൽ യുക്തിയില്ല.
ഫ്രിഡ്ജ് ഓഫ് ആക്കി ഇടുന്നത് വൈദ്യുതി ബില്ല് ലാഭിക്കും എന്നതും തെറ്റിദ്ധാരണയാണ് എന്നും വിദഗ്ധർ പറയുന്നു. കൂളിംഗിന് ശേഷം ഓട്ടോ കട്ട് പ്രവർത്തിക്കുമ്പോൾ കംപ്രസർ ഓഫ് ആകും. ഫ്രിഡ്ജിലെ കൂളിംഗ് കുറയുമ്പോൾ മാത്രമാണ് പിന്നീട് ഇത് പ്രവർത്തിക്കുക. അതുകൊണ്ട് തന്നെ വൈദ്യുതി പാഴാവില്ല. വീട് വിട്ട് രണ്ടോ മൂന്നോ ദിവസം മാറി നിൽക്കുകയാണെങ്കിൽ ഫ്രിഡ്ജ് ഓഫ് ചെയ്യേണ്ട ആവശ്യം ഇല്ല. ഫ്രിഡ്ജ് ഓഫ് ആക്കി ഇടുമ്പോൾ അതിലെ കൂളിംഗ് മൊത്തം പോകും. പിന്നീട് ഫ്രിഡ്ജ് കൂളായി വരാൻ വലിയ തോതിൽ വൈദ്യുതി ആവശ്യമാണ്.
Discussion about this post