ന്യൂഡൽഹി: പാകിസ്താന്റെ ആണവായുധശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിയ്ക്ക് മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. പദ്ധതിയ്ക്ക് മേൽനോട്ടം വഹിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ ഡെവലപ്‌മെന്റ് കോംപ്ലക്‌സ്, അക്തർ ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡ്,റോക്‌സൈഡ് എന്റർപ്രൈസ് തുടങ്ങി കറാച്ചി ആസ്ഥാനമായുള്ള നാല് സ്ഥാപനങ്ങളെയാണ് ഉപരോധപട്ടികയിൽപ്പെടുത്തിയിരിക്കുന്നക്. ഇതോടെ ഈ സ്ഥാപനങ്ങൾക്ക് യുഎസിലുള്ള സ്വത്തുക്കളും മരവിച്ചുകഴിഞ്ഞു. ഈ സ്ഥാപനങ്ങളുമായി സഹകരിക്കാൻ അമേരിക്കൻ പൗരന്മാരെ അനുവദിക്കില്ല. കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് യു.എസിന്റെ നീക്കം.
അമേരിക്കൻ കമ്പനികൾക്ക് അവർ നൽകുന്ന സേവനങ്ങൾ ഉപരോധമേർപ്പെടുത്തിയ കമ്പനികൾക്ക് നൽകാനാകില്ല. അതേസമയം അമേരിക്കൻ ഉപരോധത്തോട് കടുത്ത ഭാഷയിലാണ് പാകിസ്താൻ പ്രതികരിച്ചത്. പക്ഷപാതപരവും ദൗർഭാഗ്യകരവുമെന്നാണ് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ഉപരോധ വാർത്തയോട് പ്രതികരിച്ചത്. എന്തുകൊണ്ടാണ് പാകിസ്താനുമപ്പുറം വലിയ സാങ്കേതിക വിദ്യയിൽ മിസൈലുകൾ വികസിപ്പിക്കുന്ന ഇന്ത്യയ്ക്ക് ഏർപ്പെടുത്താത്ത ഉപരോധങ്ങൾ പാകിസ്താന് ഏർപ്പെടുത്തിയിരിക്കുന്നത്. പാകിസ്താനിൽ നിന്നും 12,000 കിലോമീറ്റർ അപ്പുറത്തുള്ള അമേരിക്കയെന്തിന് പാകിസ്താനെ ഭയക്കണം. അതും വികസിപ്പിക്കുന്ന ഒരു മിസൈലിന് 5500 കിലോമീറ്റർ പരിധിയാണ് പരമാവധി സഞ്ചരിക്കാൻ കഴിയുക എന്നുള്ളപ്പോൾ. 1971 ലെ യുദ്ധത്തിൽ പോലും സൈനികപിന്തുണ നൽകിയ രാജ്യമായിട്ടും യുഎസ് അമേരിക്കയെ കൈവിടുന്നതിൽ മറ്റൊരു കാരണമുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.
യുഎസിന്റെ 51ാമത്തെ സംസ്ഥാനം എന്ന് വരെ ലോകരാഷ്ട്രങ്ങൾ കളിയാക്കുന്ന ഇസ്രായേലിന് വേണ്ടിയാണ് അമേരിക്കയുടെ ഈ ഉപരോധമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പാകിസ്താനിൽ നിന്ന് ഏകദേശം 3000 ത്തോളം കിലോമീറ്റർ മാത്രമേ ഇസ്രായേലിലേക്ക് ആവശ്യമുള്ളൂ. ഇസ്രായേലിന്റെ ബദ്ധശത്രുക്കളായ രാജ്യങ്ങൾക്കായി പാകിസ്താൻ തുനിഞ്ഞിറങ്ങുന്നതിന് മുൻപേ പാരവച്ചതാണ് യുഎസെന്നാണ് സംസാരം.
2023 ഒക്ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തെത്തുടർന്ന്, മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സമവാക്യങ്ങൾക്കിടയിലാണ് പാക്കിസ്ഥാനെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത്.പാക്കിസ്ഥാന്റെ മിസൈലുകൾക്ക് ഇന്ത്യക്കപ്പുറം, മിഡിൽ ഈസ്റ്റിലേക്ക് (പശ്ചിമേഷ്യ) ദൂരപരിധി വ്യാപിപ്പിക്കാൻ കഴിയുമെന്നത്, യുഎസിന് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ സഖ്യകക്ഷിയുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാനുള്ള ഒരു ഘടകമായിരിക്കണം. രാജ്യത്തിന്റെ നീണ്ടുനിൽക്കുന്ന രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പാകിസ്താനെതിരെ കൂടുതൽ ആക്രമണാത്മക നിലപാട് സ്വീകരിക്കാൻ യുഎസ് നിർബന്ധിതമാകുമെന്ന് തോന്നുന്നു.
ആണവായുധങ്ങളുടെ കാര്യത്തിൽ ‘ആദ്യം ഉപയോഗിക്കേണ്ടതില്ല’ എന്ന നയം പാകിസ്താന് ഇല്ല. ശത്രുക്കളിൽ നിന്നുള്ള ഭീഷണികളെ ചെറുക്കാനാണ് അതിന്റെ പ്രതിരോധ ശേഷികൾ എന്ന് അത് പറയുന്നു. വളരെ മികച്ച സൈന്യമുള്ള ഇന്ത്യയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ആണവ പോർമുനകൾ ഉപയോഗിക്കുന്നു.ഇത്തരം ആശങ്കകൾ വലുതാക്കപ്പെടുകയും ഭീകരതയുടെ ചരിത്രം അതിന്റെ ഭരണകൂടത്തിന്റെ ഭാഗമായതിനാൽ പാകിസ്താൻ മിസൈൽ വികസനം ആശങ്കപ്പെടേണ്ടത് തന്നെയാണ്..
Discussion about this post