അരുമ മൃഗങ്ങളുടെ ലോകം ഇന്ന് നായ, പൂച്ച എന്നിവകളിൽ മാത്രം ഒതുങ്ങുന്നില്ല. വലുതും ചെറുതുമായ പക്ഷികൾ, വിവിധതരം ആമകൾ, മത്സ്യങ്ങൾ, മർമോസെറ്റ് മങ്കി, ഓന്ത് വർഗ്ഗത്തിൽപ്പെട്ട ഇഗ്വാന, സൽക്കാറ്റ ആമകൾ, ബോൾ പൈതൺ, സെർവൽ പൂച്ചകൾ, ഫെററ്റുകൾ, തവളകൾ, ഷുഗർ ഗ്ലൈഡറുകൾ എന്നിവയെ എല്ലാം ഇന്നത്തെ കാലത്ത് ആളുകൾ വളര്‍ത്തുന്നുണ്ട്. വിദേശമൃഗങ്ങളെ ഉള്‍പ്പെടെ വളര്‍ത്തുന്നതിനു സോഷ്യൽ മീഡിയ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
എന്നാല്‍, ഒരു വിദേശ മൃഗത്തിന് അനുയോജ്യമായ പാരിസ്ഥിതിക സാഹചര്യങ്ങളും പാർപ്പിടവും ഭക്ഷണക്രമവും നൽകുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇവയ്ക്ക് വരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും എളുപ്പം പരിഹാരം കാണാന്‍ കഴിയില്ല.
ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തിലാണ് മലപ്പുറം വളാഞ്ചേരിയിൽ നിന്നുള്ള മുഹമ്മദ് സഹീർ തന്റെ ഇഗ്വാനയുടെ കാര്യത്തിലും നേരിട്ടത്. ചികിത്സയ്ക്കായി എറണാകുളം പാലാരിവട്ടത്തുള്ള ബേർഡിനെക്സ് ആൻഡ് എക്സോട്ടിക് പെറ്റ് സ്പെഷലിറ്റി ഹോസ്പിറ്റലിലെ ഡോ. ടിറ്റു എബ്രഹാമിന്റെ അടുത്തേക്ക് ആണ് മുഹമ്മദ് സഹീർ എത്തിയത്.
തന്റെ തന്റെ ഇഗ്വാനയെ യാദൃശ്ചികമായി എടുത്തപ്പോഴാണ് വയറിനുള്ളിൽ ഒരു ഭാഗത്തായി തടിപ്പ് തോന്നിയത്. ആഹാരം കഴിക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടത് . മലവിസർജനം നടത്തുന്നതും അളവിൽ കുറച്ചായിരുന്നു. തുടർന്നാണ് മുഹമ്മദ് സഹീർ ഡോ. ടിറ്റുവിനെ സമീപിക്കുന്നത്.
എക്സ്-റേ പരിശോധനയിൽ മൂത്രാശയത്തിലെ കല്ലായിരുന്നു കണ്ടത്. താരതമ്യേന വലുപ്പം കൂടിയ കല്ല് ആയതിനാൽ മരുന്നുകൾ ഉപയോഗിച്ച് അലിയിച്ച് കളയാൻ കഴിയില്ല. തുടർന്ന് ശസ്ത്രക്രിയ നടത്തി കല്ല് നീക്കം ചെയ്തു.
ഏകദേശം 4.35 കിലോ ഭാരവും ആറടി നീളവുമുള്ള ഇഗ്വാനയുടെ വയറിനുള്ളിൽ നിന്നും നീക്കം ചെയ്തത് 340 ഗ്രാം ഭാരവും 11 സെന്റി മീറ്റർ നീളവും 7 സെന്റിമീറ്റർ വീതിയുമുള്ള ഒരു കല്ലായിരുന്നു. ഓക്സലേറ്റ് കൂടുതൽ അളവിൽ അടങ്ങിയിട്ടുള്ള സ്പിനാച്ച് ആയിരുന്നു കൂടുതലായും സ്ഥിരമായും ഇഗ്വാനയ്ക്ക് ആഹാരമായി കൊടുത്തു വന്നിരുന്നത്. ഒപ്പം തുടർച്ചയായി കാത്സ്യം അടങ്ങിയ ടോണിക്കുകളും നൽകി വന്നിരുന്നു.
ഇതാവാം മൂത്രാശയത്തിനുള്ളിലെ കല്ലിനു കാരണമായത് എന്നാണ് ഡോക്ടറുടെ നിഗമനം. കൃത്രിമമായി വരുത്തുന്ന ബോധക്ഷയം അഥവാ അനസ്തേഷ്യ ചെയ്യുന്നത് വെല്ലുവിളി ആയതുകൊണ്ട് കൃത്രിമ വെന്റിലേഷൻ നൽകിയാണ് ശസ്ത്രക്രിയ നടത്തിയത്. ഏകദേശം 3 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ ആയിരുന്നു ഇത്.
Discussion about this post