കോഴിക്കോട്: മലയാളത്തിന്റെ എംടിയ്ക്ക് വിടനൽകിയിരിക്കുകയാണ്. 2024 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സാഹിത്യലോകത്തെ അക്ഷാർത്ഥത്തിൽ ഞെട്ടിച്ച് ഒരു യുഗാന്ത്യം സംഭവിച്ചിരിക്കുന്നത്. പതിനായിരക്കണിക്കിന് പേരുടെ അന്ത്യോപചാരത്തിന് ശേഷം മാവൂർ റോഡിലെ സ്മൃതിപഥം എന്ന് പേരിട്ട് പുതുക്കി പണിത പൊതുശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്.ശ്മശാനം പുതുക്കി പണിതിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അവിടേക്കുള്ള ആദ്യ വിലാപയാത്ര എംടിയുടേതാണ്. എംടിയുടെ സഹോദരപുത്രൻ ടി. സതീശനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
1994 ൽ പുറത്തിറങ്ങിയ സിനിമയാണ് സുകൃതം. എംടിയുടെ രചനയിൽ എം ഹരികുമാർ സംവിധാനം ചെയ്ത സിനിമയാണിത്. രവിശങ്കർ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയതാവട്ടെ മമ്മൂട്ടിയും മാരകമായ രോഗം ബാധിച്ച ഒരു മാദ്ധ്യമ പ്രവർത്തകന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന് ചേരുന്ന ചില സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ പ്രധാന കഥാപാത്രമായ മമ്മൂട്ടി അവതരിപ്പിക്കുന്ന രവിശങ്കർ സ്വന്തം മരണ വാർത്ത വായിക്കുന്ന ഒരു രംഗം ഈ സിനിമയിലുണ്ട്.
ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന രവിശങ്കർ തിരികെ പത്രമോഫീസിലെത്തുമ്പോൾ കാണുന്നത് സ്വന്തം ചരമ വാർത്തയുടെ ഡമ്മി പേജാണ്. പിന്നീട് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചശേഷം ആ ചരമ വാർത്തയുടെ ഡമ്മി പേജിലെ തീയതി തിരുത്തിയാണ് രവിശങ്കർ റെയിൽവേ പാതയിലേക്ക് നടന്നുനീങ്ങുന്നത്. ഈ സംഭവം എം.ടിയുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന വാർത്ത അക്കാലത്ത് പല മാദ്ധ്യമങ്ങളും നൽകിയിരുന്നു. എന്നാൽ ഇക്കാര്യം ഒരിക്കലും എം.ടി നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് യാദൃശ്ചികത.
രവിശങ്കറിന്റെ സൃഷ്ടാവായ എംടി വിടവാങ്ങിയതാകട്ടെ പത്രമോഫീസുകൾക്ക് അവധിയായ ക്രിസ്മസ് ദിവസമാണെന്നത് യാദൃച്ഛികമായി. നേരത്തെ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ തന്നെ മലയാളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം എം ടിയുടെ വിശദമായ വാർത്തകളും ലേഖനങ്ങളും റിപ്പോർട്ടുകളടങ്ങിയ സപ്ലിമെന്ററി തയാറാക്കി വച്ചിരുന്നു. സാധാരണഗതിയിൽ പത്രമാധ്യങ്ങൾ ഇത്തരത്തിൽ വാർത്തകൾ തയാറാക്കിവക്കാറുള്ളതാണ്. എന്നാൽ എം ടി മരിച്ചത് അവധിദിവസം രാത്രി 10മണിയോടെയായതിനാൽ ഒരുതരത്തിലും പത്രരൂപത്തിൽ പിറ്റേദിവസം പുറത്തിറക്കാനാകാത്ത സ്ഥിതിയായി.ഇതോടെ ഇന്ന് പ്രമുഖ മാദ്ധ്യമങ്ങൾ ഇപ പേപ്പറുകൾ ഇറക്കുകയായിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് പ്രമുഖ പത്രങ്ങളുടെ പേജുകൾ ഇ-പേപ്പർ രൂപത്തിൽ മാത്രമായി പുറത്തിറക്കേണ്ടിവരുന്നത്
Discussion about this post