സോൾ : ദക്ഷിണ കോറിയയിൽ ഉണ്ടായ വിമാനപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 179 പേർ മരിച്ചതായി റിപ്പോർട്ട്. രണ്ട് പേരെ മാത്രമാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ചാണ് അപകടം ഉണ്ടായത്.
ബാങ്കോക്കിൽ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്, 175 യാത്രക്കാരും ആര് ജീവനക്കാരുമാണ് വിമാനത്തലുണ്ടായിരുന്നത്. അതിൽ ആകെ രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്.
പ്രാദേശിക സമയം രാവിലെ 09.07-ഓടെയായിരുന്നു അപകടം. ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടമാണ് ഇത്.
വിമാനത്തിലെ 175 യാത്രക്കാരിൽ 173 പേർ ദക്ഷിണ കൊറിയൻ പൗരൻമാരും രണ്ടുപേർ തായ്‌ലൻഡ് സ്വദേശികളുമാണെന്ന് അധികൃതർ അറിയിച്ചു.
ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി നിരങ്ങി നീങ്ങിയ വിമാനം സുരക്ഷാ മതിലിൽ ഇടിച്ച് കത്തിച്ചാമ്പലാകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനം ലാൻഡിങ് ഗിയറില്ലാതെ റൺവേയിലൂടെ തെന്നി നീങ്ങുന്നതും മതിലിൽ ഇടിച്ച് പൊട്ടിത്തെറിച്ച് തീഗോളമാകുന്നതും കാണാം.
Discussion about this post