ഒരു കറിവേപ്പ് മരം പോലുമില്ലാത്ത അടുക്കളത്തോട്ടം മലയാളിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. കറിവേപ്പില കാട് പോലെ വളർത്താൻ ഒരുപാട് സ്ഥലം ഒന്നും ആവശ്യമില്ല. ഒരു ഗ്രോ ബാഗ് പോലും ഇതിനായി ഉപയോഗിക്കാം. എന്നാൽ നല്ല രീതിയിൽ കറിവേപ്പില വളർത്താൻ ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
സൂര്യപ്രകാശം ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് കറിവേപ്പില. അതിനാൽ തന്നെ കറിവേപ്പില നല്ല രീതിയിൽ വളരാനായി മികച്ച സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം നടാൻ. ദിവസവും കുറഞ്ഞത് നാലു മുതൽ 6 മണിക്കൂർ വരെ നല്ല വെയിൽ ഉള്ള സ്ഥലം ആയിരിക്കണം കറിവേപ്പില കൃഷിക്ക് തിരഞ്ഞെടുക്കേണ്ടത്. നല്ല നീർവാർച്ചയുള്ള, വെള്ളം കെട്ടി നിൽക്കാത്ത സ്ഥലങ്ങളിൽ വേണം കറിവേപ്പില തൈ നടാൻ. കറിവേപ്പില ചെടികൾക്ക് അനുയോജ്യമായ മണ്ണിന്റെ പിഎച്ച് ലെവലും ശ്രദ്ധിക്കേണ്ടതാണ്. pH 6.0 മുതൽ 7.5 വരെയാണ് കറിവേപ്പില കൃഷിക്ക് അനുയോജ്യമായ മണ്ണ്.
ഗ്രോ ബാഗിൽ ആണ് വേപ്പ് നടുന്നതെങ്കിൽ നല്ല രീതിയിൽ ഒരുക്കിയെടുത്ത പോട്ടിംഗ് മിശ്രിതത്തിൽ അല്പം പെർലൈറ്റ് കൂടി ചേർത്ത് വായുസഞ്ചാരവും നീർവാർച്ചയും ഉള്ള മണ്ണാക്കി വേണം തൈ നടേണ്ടത്. വേപ്പില ചെടികൾക്ക് സ്ഥിരമായി നനച്ചു കൊടുക്കേണ്ടത് ആവശ്യമാണ്. എന്നാൽ അമിതമായി വെള്ളം കെട്ടിക്കിടക്കുന്ന രീതിയിൽ നന അരുത്. ശൈത്യ കാലത്തും അധികം നനക്കേണ്ട ആവശ്യമില്ല. കമ്പോസ്‌റ്റോ NPK 10:10:10 തുടങ്ങിയ വളങ്ങളോ ജൈവവളങ്ങളോ എല്ലാം കറിവേപ്പിലയ്ക്ക് വളമായി നൽകാവുന്നതാണ്.
തൈ നട്ടശേഷമുള്ള ആദ്യ കാലത്ത് നാല് ആഴ്ച വീതം കൂടുമ്പോൾ വളപ്രയോഗം നടത്തേണ്ടതാണ്. ഇതോടൊപ്പം തന്നെ പതിവായി കൊമ്പു കോതലും കറിവേപ്പില ചെടിയുടെ വളർച്ചയ്ക്ക് ഏറെ ആവശ്യമാണ്. ഉയരത്തിൽ കമ്പുകൾ വളരാതെ കൃത്യമായി മുറിച്ചു നീക്കി കൊടുത്താൽ മാത്രമേ പുതിയ കമ്പുകളും കൂടുതൽ ഇലകളും ചെടിയിൽ ഉണ്ടാവുകയുള്ളൂ. മുഞ്ഞ, വെള്ളീച്ച, മീലിമൂട്ട എന്നിവയാണ് കറിവേപ്പിലയുടെ ശത്രുക്കളായ കീടങ്ങൾ. പുകയില കഷായം അടക്കമുള്ള കീടനാശിനികൾ ഉപയോഗിച്ച് കീടങ്ങളെ നിയന്ത്രിക്കുക കൂടി ചെയ്താൽ ഏത് അടുക്കളത്തോട്ടത്തിലും കറിവേപ്പില കാട് പോലെ വളരും.
Discussion about this post