എറണാകുളം: ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ സംഘാടകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നർത്തകി. സ്വന്തം കയ്യിലെ പണം ചിലവാക്കിയാണ് പരിപാടിയിൽ പങ്കെടുക്കാൻ തുനിഞ്ഞത്. എന്നാൽ സംഘാടനത്തിലെ പിഴവ് ബോദ്ധ്യപ്പെട്ടതോടെ പരിപാടിയിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും നർത്തകി പറഞ്ഞു.
5100 രൂപയായിരുന്നു പരിപാടിയിൽ പങ്കെടുക്കാനായി ചിലവാക്കിയത്. രജിസ്‌ട്രേഷന് 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നൽകി. പട്ടുസാരി നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ സാധാരണ കോട്ടൻസാരി നൽകി. ഭക്ഷണത്തിനും താമസത്തിനും മേയ്ക്കപ്പിനും സ്വന്തം കയ്യിൽ നിന്നുമാണ് പണം ചിലവായത്. ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ മാത്രമാണ് ഇത്രയേറെ പണം ചിലവഴിച്ച് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.
എന്നാൽ പരിപാടി ആരംഭിക്കുന്നതിന് അൽപ്പ സമയം മുൻപ് ആയിരുന്നു ഉമ തോമസ് എംഎൽഎ വിഐപി ഗാലറിയിൽ നിന്നും വീണത്. സംഘാടനത്തിന്റെ പിഴവ് ബോദ്ധ്യപ്പെട്ടതോടെ പരിപാടിയിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു. പരിപാടിയിൽ പങ്കെടുക്കാതെ തിരികെ മടങ്ങുക ആയിരുന്നു എന്നും നർത്തകി കൂട്ടിച്ചേർത്തു.
താൻ മുൻപും റെക്കോർഡ് ലക്ഷ്യമിട്ട് പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇത്രയും അധികം പണം ചിലവായിട്ടില്ല. സംഗീതജ്ഞനായ ഭർത്താവ് പങ്കെടുത്ത പരിപാടികളിലും ഈ നിലയിൽ പണം ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ നിർബന്ധപ്രകാരമാണ് പണം കൊടുത്തത്. പലപ്പോഴായി സമയക്രമം മാറ്റിയതിന് ശേഷമാണ് പരിപാടി നടന്നത്. പരിപാടിയിലേക്ക് കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന നൃത്ത അദ്ധ്യാപകർക്ക് സ്വർണനാണയം വാഗ്ദാനം ചെയ്തിരുന്നതായും ഇവർ ആരോപിച്ചു. നൃത്താധ്യാപകർ കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ എത്തിച്ചത് ഇങ്ങനെയാണെന്നും നർത്തകി പറഞ്ഞു.
Discussion about this post