തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമെന്ന് പോലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് വ്യക്തമായിരിക്കുന്നത്. ഇത് എന്തുകൊണ്ട് സംഭവിച്ചു എന്ന് അറിയണമെങ്കിൽ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വരണം. അതേസമയം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
അദ്ദേഹത്തിന് കരൾ രോഗം ഉണ്ടായിരുന്നു. ഇതോ അല്ലെങ്കിൽ നിലത്ത് വീണതിനെ തുടർന്ന് ഉണ്ടായോ ക്ഷതമോ ആകാം രക്തസ്രാവത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. മൃതദേഹം അഴുകിയിരുന്നതിനാൽ വ്യക്തമായ കാരണം അറിയാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ രാസപരിശോധന ഫലം പുറത്തുവരണം.
ബന്ധുക്കൾക്ക് കെമാറിയ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. വൈകീട്ടോടെ മൃതദേഹം സംസ്‌കരിക്കും. എറണാകുളം സ്വദേശിയാണ് ദിലീപ് ശങ്കർ. ഇന്നലെയാണ് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ ദിലീപ് ശങ്കറിനെ കണ്ടെത്തിയത്. ഷൂട്ടിംഗിനായി അണിയറ പ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടാത്ത അവസ്ഥ ഉണ്ടാകുകയായിരുന്നു. ഇതേ തുടർന്ന് ഹോട്ടൽ മുറിയിൽ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. തറയിൽ വീണ് കിടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം. രണ്ട് ദിവസത്തെ പഴക്കമാണ് മൃതദേഹത്തിന് ഉണ്ടായിരുന്നത്.
Discussion about this post