ആലപ്പുഴ: കായംകുളം എംഎൽഎ യു പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത് എക്‌സൈസ് ഓഫീസർക്കെതിരെ പ്രതികാര നടപടി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ ജയരാജിനെ അടിയന്തിരമായി സ്ഥലം മാറ്റി. മലപ്പുറത്തേയ്ക്കാണ് സ്ഥലംമാറ്റം.
ഡെപ്യൂട്ടി കമ്മീഷണറായി ജയരാജ് ചുമതലയേറ്റ് മൂന്ന് മാസം തികയുന്നതേയുള്ളു. ഇതിനിടെയാണ് അടിയന്തിരമായി സ്ഥലം മാറ്റിയത്. കൊല്ലം സ്വദേശിയായ അദ്ദേഹം വിരമിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെ മതിയായ കാരണങ്ങൾ ഇല്ലാതെയുള്ള സ്ഥലം മാറ്റം പ്രതികാര നടപടിയെന്നാണ് വിലയിരുത്തുന്നത്.
ചുമതലയേറ്റതിന് പിന്നാലെ മേഖലയിൽ അദ്ദേഹം കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. ഇതിനോടം തന്നെ ലഹരി കേസുകളിൽ നിരവധി പേരെയാണ് അദ്ദേഹം അറസ്റ്റ് ചെയ്തിട്ടുള്ളത്. ബിനാമി കള്ളുഷാപ്പുകൾക്കെതിരെയും അനധികൃത മദ്യവിൽപ്പനയ്‌ക്കെതിരെയും കർശന നടപടി സ്വീകരിച്ചു. ഇതിനിടെയാണ് എംഎൽഎയുടെ മകനെയും കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്യുന്നത്.
തകഴിപാലത്തിന് സമീപക്ക് നിന്നാണ് കനിവിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. പ്രദേശത്ത് നിന്ന് ലഹരി ഉപയോഗിക്കുകയായിരുന്നു കനിവ് ഉൾപ്പെടെയുള്ള ഒൻപതംഗ സംഘം. ഇതിനിടെ ഇവിടെയെത്തിയ ഉദ്യോഗസ്ഥർ സംഘത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ വാർത്ത നൽകിയ മാദ്ധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പ്രതിഭ സംഭവത്തിൽ പ്രതികരിച്ചത്.
കനിവിന്റെ പക്കൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തി കനിവിനെ അപ്പോൾ തന്നെ ജാമ്യം നൽകുകയായിരുന്നു. കേസിൽ ഒൻപതാം പ്രതിയാണ് കനിവ്.
Discussion about this post