കൊൽക്കൊത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ വ്യവസായിയുടെ മകളുടെ അത്യാഡംബര വിവാഹവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കനക്കുന്നു. പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ തുളു മണ്ഡലെന്ന വ്യവസായിയുടെ മകളുടെ വിവാഹത്തിന് ചിലവായ പണത്തിന്റെ ഉർവിടവുമായി ബന്ധപ്പെട്ടാണ് വിവാദം. ബോളിവുഡിലെയും ടോളിവുഡിലെയും പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിനെ അനുസ്മരിപ്പിക്കുന്ന വിവാഹമായിരുന്നു നടന്നത്.
2022ൽ പശുക്കടത്ത് കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് ബിർഭം തയവൻ അനുബ്രത മൊണ്ഡലിന്റെ അടുത്ത സഹായിയാണ് തുളു മണ്ഡൽ. ഇയാൾക്കും പശുക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. 2022 ഓഗസ്റ്റിന് ഇയാളുടെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ നടത്തിയിരുന്നു.
ഡിസംബർ 28ന് ബിർഭൂമിയിലെ സൂരി നഗരത്തിലാണ് വിവാഹചടങ്ജുകൾ നടന്നത്. ഉദയ്പൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് ലേക്ക് പാലസിന്റെ പകർപ്പിലായിരുന്നു വിവാഹവേദി ഒരുക്കിയിരുന്നത്. ബോളിവുഡ് നടനും സംവിധായകനുമായ അർബാസ് ഖാൻ, നടൻ സറീൻ ഖാൻ, ഗായിക മൊണാലി താക്കൂർ, എന്നിവരും ബംഗാളി സിനിമാ താരങ്ങളായ അങ്കുഷ് ഹസ്ര, സുമിത് ഗാംഗുലി, ദർശന ബാനിക് എന്നിവരും ഉൾപ്പെടെ ഉന്നത സെലിബ്രിറ്റികളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ മൊണാലി താക്കൂറിന്റെ സംഗീത കച്ചേരിയും ഉണ്ടായിരുന്നു. നഗരത്തിലെ എല്ലാ ഹോട്ടലുകളും അതിഥികൾക്കായി ബുക്ക് ചെയ്തിരുന്നു.
ഇത്രയും പ്രമുഖരായ വ്യക്തികൾ ഒരു പ്രാദേശിക വിവാഹത്തിൽ പങ്കെടുത്തത് അതിശയകരമാണെന്ന് ബിജെപി വ്യക്തമാക്കി. കണക്കിൽ പെടാത്ത ഫണ്ട് വിവാഹത്തിനായി എത്തിയിട്ടുണ്ടെന്നും അവർ ആരോപിച്ചു. തുളു മണ്‌ലിന് തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ് മുമ്പ് അന്വേഷണ ഏജൻസികൾ അദ്ദേഹത്തിന്റെ വസതിയിൽ റെയ്ഡ് നടത്തിയിട്ടുള്ളതാണെന്നും ബിജെപി കൂട്ടിച്ചേർത്തു.
Discussion about this post