എറണാകുളം: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന മൃദംഗ നാദം പരിപാടിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണക്കുറിപ്പുമായി കല്യാൺ സിൽക്‌സ്. മൃദംഗ വിഷൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ദിവ്യ ഉണ്ണി ഉൾപ്പെടെയുള്ള നർത്തകിമാർ ധരിച്ച സാരി നെയ്ത് നൽകിയത് കല്യാൺ സിൽക്‌സ് ആയിരുന്നു. ഇതേതുടർന്നാണ് സംഭവത്തിൽ കല്യൺ സിൽക്‌സ് കുറിപ്പ് പുറത്തിറക്കിയത്.
പരിപാടിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളിൽ വ്യക്തത വരുത്തുവാനാണ് ഈ കുറിപ്പെന്ന് കല്യാൺ സിൽക്‌സ് വ്യക്തമാക്കി. സംഘാടകരുമായി ഉണ്ടായത് വാണിജ്യപരമായ ഇടപാടു മാത്രമാണെന്ന് വ്യക്തമാക്കിയ കല്യാൺ സിൽക്‌സ് തങ്ങളുടെ പേരും ഉൽപ്പന്നങ്ങളും ഇത്തരം ചൂഷണങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിലെ കടുത്ത അതൃപ്തിയും രേഖപ്പെടുത്തി.
മൃദംഗനാദത്തിന്റെ സംഘാടകർ 12,000 സാരികൾ നിർമിച്ചു നൽകാനാണ് തങ്ങളെ സമീപിച്ചതെന്ന് കല്യാൺ സിൽക്‌സ് വ്യക്തമാക്കി. ഈ പരിപാടിക്ക് വേണ്ടി മാത്രമായി സാരി നിർമിച്ചു നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. സാരി ഒന്നിന് 390 രൂപയ്ക്ക് യാഥാസമയം സംഘാടകർക്ക് കൈമാറിയിരുന്നു. എന്നാൽ, പരിപാടിയുടെ വേദിയിൽ ഉണ്ടായ ചില നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ശേഷം തങ്ങൾക്ക് അറിയാൻ കഴിഞ്ഞത് ഒരു സാരിക്ക് 1600 രൂപയാണ് ഈടാക്കിയത് എന്നാണ്. തങ്ങളുടെ ഉൽപ്പന്നം ഇത്തരം ചൂഷണങ്ങൾക്കാായി ഉപയോഗിക്കുന്നതിൽ കടുത്ത അതൃപ്തിയുണ്ട്. കല്യാൺ സിൽക്‌സും സംഘാടകരും തമ്മിൽ ഉണ്ടായരുന്നത് വാണിജ്യപരമായ ഇടപാട് മാത്രമാണ്. അതുകൊണ്ട് തന്നെ ഇത്തരം വിവാദങ്ങളിലേക്ക് തങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.
Discussion about this post