കാളികാവ്: ‘കടലിൽച്ചാടി ആത്മഹത്യ ചെയ്ത പോക്‌സോ കേസ് പ്രതി രണ്ടുമാസത്തിന് ശേഷം പിടിയിൽ. മാളിയേക്കൽ സ്വദേശി പള്ളാട്ടിൽ മുഹമ്മദ് നാഫിയാണ് അറസ്റ്റിലായത്. ബേപ്പൂർ കടപ്പുറത്ത് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് പോലീസിനെ കബളിപ്പിച്ചാണ് 24 കാരൻ മുങ്ങിയത്.
രണ്ടുമാസം മുൻപാണ് മുഹമ്മദ് നാഫി വീടുവിട്ടത്. കടപ്പുറത്തെത്തി ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് വസ്ത്രങ്ങളടങ്ങിയ ബാഗ് കരയിലുപേക്ഷിച്ച് മുങ്ങി. കടലിൽച്ചാടി ആത്മഹത്യചെയ്തുവെന്നു വരുത്തിത്തീർക്കാനായിരുന്നു ഇതെല്ലാം. ബേപ്പൂർ പോലീസ് തീരദേശ പോലീസിന്റെ സഹായത്തോടെ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
എന്നാൽ നാഫിയുടെ ഫോണിൽനിന്ന് എറണാകുളത്തുള്ള ഒരു പെൺസുഹൃത്തിന് അയച്ച എസ്.എം.എസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ആലപ്പുഴയിൽനിന്നാണ് പ്രതിയെ പിടിച്ചത്. ഒളിവിൽപ്പോയശേഷം വീട്ടുകാരുമായോ സുഹൃത്തുകളുമായോ ബന്ധപ്പെട്ടിരുന്നില്ല.
നാഫി പ്രതിയായ പോക്‌സോ കേസിന്റെ വിചാരണ കോടതിയിൽ അന്തിമഘട്ടത്തിലാണ്. കേസിൽനിന്ന് രക്ഷപ്പെടാനാണ് മരണനാടകം കളിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post