ബംഗളൂരു: സ്വകാര്യ ബസിൽ യാത്ര ചെയ്യവേ മൂട്ടയുടെ കടിയേറ്റ യാത്രക്കാരിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. കർണാടക സ്വദേശിയായ ദീപിക സുവർണയെന്ന യുവതിക്കാണ് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചത്. ബസ് ഉടമയും റെഡ് ബസ് ആപ്പും ചേർന്ന് വേണം ഈ തുക നൽകാനെന്നും കോടതിയുടെ ഉത്തരവിലുണ്ട്.
ദീപികയും ഭർത്താവ് സുവർണ ശോഭരാജും ചേർന്ന് റെഡ് ബസ് ആപ്പിലൂടെയാണ് സീബേർഡ് ട്രാവൽസിന്റെ ടിക്കറ്റ് ബുക്ക് ചെയ്തത്. മംഗലൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് പോകാനായിരുന്നു ആപ്പ് വഴി ടിക്കറ്റ് എടുത്തതത്. പ്രശസ്ത ടെലിവിഷൻ ഷോ ആയ രാജ-റാണിയിൽ പങ്കെടുക്കുവാനാണ് ഇരുവരും യാത്ര തിരിച്ചത്. എന്നാൽ യാത്രയ്ക്കിടെ മൂട്ടകടിയേറ്റു.ശരീരമാകെ തടിച്ച് പൊങ്ങിയതിനെ തുടർന്ന് ചികിത്സയും തേടേണ്ടി വന്നു.
യാത്രയിലുണ്ടായ ഈ ബുദ്ധിമുട്ട് റിയാലിറ്റി ഷോയിലെ തന്റെ പെർഫോമൻസിനെ ബാധിച്ചെന്നും ഇത് ഷോയുടെ പ്രതിഫലം കുറയാൻ ഇടയാക്കിയെന്നും പരാതിയിൽ പറയുന്നു. അന്വേഷണത്തിനൊടുവിൽ ഒരുലക്ഷം രൂപ നഷ്ടപരിഹാരം, 10,000 രൂപ നിയമ ചെലവ്, 850 രൂപ ടിക്കറ്റ് ചെലവ്, 18,650 രൂപ പിഴ എന്നിവയടക്കം 1.29 ലക്ഷം രൂപ പരാതിക്കാരിക്ക് നൽകാനാണ് കോടതി വിധിച്ചത്.
Discussion about this post