പനാജി : കേരള ഗവർണറായി സ്ഥാനമേറ്റെടുക്കുന്നതിന് മുൻപായി ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. നിയുക്ത ഗവർണറായ ആർലേക്കർ ഇന്ന് കേരളത്തിൽ എത്തും. മുൻ ഗവർണറായ ആരിഫ് മുഹമ്മദ് ഖാന് പകരമായാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരള ഗവർണറായി ചുമതലയേൽക്കുന്നത്.
ഗോവ രാജ്ഭവൻ സന്ദർശിച്ച ആർലേക്കറിനെ പട്ടും പൂമാലയും അണിയിച്ച് മധുരം നൽകിയാണ് ഗോവ ഗവർണർ സ്വാഗതം ചെയ്തത്. കേരള രാജ്ഭവനിലേക്ക് പോകുന്നതിനു മുൻപായി കേരളത്തിൽ നിന്നുമുള്ള പി എസ് ശ്രീധരൻപിള്ളയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്ന് ആർലേക്കർ അറിയിച്ചു.
ഗുരുവായൂരപ്പന്റെ ചിത്രവും നിലവിളക്കും സമ്മാനിച്ചു കൊണ്ടാണ് പി എസ് ശ്രീധരൻ പിള്ള ആർലേക്കറിനെ യാത്രയാക്കിയത്.
കേരളത്തിൻ്റെ 23-ാമത് ഗവണറായാണ് ആർലേക്കർ അധികാരമേൽക്കുന്നത്. വ്യാഴാഴ്ച ആയിരിക്കും സത്യപ്രതിജ്ഞ നടക്കുക. ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എഎൻ ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. വ്യാഴാഴ്ച രാവിലെ 10:30ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുൻപാകെ ആണ് സത്യപ്രതിജ്ഞ ചടങ്ങ്.
Discussion about this post