ഗ്ലോബൽ ട്രാവൽ ഏജൻസിയായ തോമസ് കുക്ക് ഇന്ത്യയുടെ വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം. ഇതേതുടർന്ന് കമ്പനിയുടെ ഐടി ഇൻഫ്രാ സ്ട്രക്ച്ചർ പ്രവർത്തന രഹിതമായതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സുരക്ഷാ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുമെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
ബാധിക്കപ്പെട്ട എല്ലാ സിസ്റ്റത്തിന്റെയും പ്രവർത്തനം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ തോമസ് കുക്കിന്റെ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത് ഇന്ത്യയിലെ കമ്പനിയുടെ ആസ്ഥാനമായ മുംബൈയിലാണ്.
‘തോമസ് കുക്ക് ഇന്ത്യയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. വെബ്‌സൈറ്റ് പ്രവർത്തനരഹിതമായതിനെ കുറിച്ച് അറിഞ്ഞയുടനെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആവശ്യമായ നടപടികൾ ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ബാധിച്ച എല്ലാ സിസ്റ്റവും പ്രവർത്തനം നിർത്തുന്നത് ഉൾപ്പെടെയുള്ള പരിഹാര മാർഗങ്ങൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷിക്കാനും ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളെ തടയിടാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്’ – തോമസ് കുക്ക് പ്രസ്താവനയിൽ പറഞ്ഞു.
ചൊവ്വാഴ്ചത്തെ മാർക്കറ്റ് സെഷന് ശേഷം, തോമസ് കുക്ക് ഇന്ത്യയുടെ ഓഹരി 0.53 ശതമാനം ിടിഞ്ഞ് 195.55 രൂപയിലാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ചത്തെ വിപണി ക്ലോസ് ചെയ്തത് 196.60 രൂപയിലായിരുന്നു. ഇന്നലെ മാർക്കറ്റ് അവസാനിച്ചതിന് ശേഷമായിരുന്നു സൈബർ ആക്രമണത്തെ കുറിച്ചുള്ള വിവരം കമ്പനിയുടെ ശ്രദ്ധയിൽപെട്ടതെന്നാണ് വിവരം.
Discussion about this post