ന്യൂയോർക്ക് : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ ഹുസൈൻ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവിട്ട് യുഎസ് കോടതി. പാക്- കനേഡിയൻ വംശജനും വ്യവസായിയും ആയിരുന്ന തഹാവുർ റാണ നിലവിൽ ലോസ് ആഞ്ചലസിലെ ജയിലിലാണ് കഴിയുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന പ്രതികളിൽ ഒരാളായ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന തീവ്രവാദി കൂടിയാണ് തഹാവുർ ഹുസൈൻ റാണ.
ഇരു രാജ്യങ്ങളും തമ്മിലുള്ള കൈമാറ്റ ഉടമ്പടി പ്രകാരം തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുഎസ് അപ്പീൽ കോടതിയാണ് വിധിച്ചത്. റാണക്കെതിരായ കുറ്റങ്ങൾ തെളിയിക്കാനുള്ള മതിയായ തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്നും പാനൽ വിധിയിൽ വ്യക്തമാക്കി.
ഡെന്മാർക്കിൽ ഭീകരാക്രമണം നടത്താനുള്ള ഗൂഢാലോചനയുടെ പേരിലാണ് നിലവിൽ തഹാവുർ ഹുസൈൻ റാണ യുഎസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിൽ ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസിന്റെ വിചാരണയ്ക്കായി റാണയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ഇന്ത്യ യുഎസ്നോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post