മുംബൈ: മൂന്ന് പതിറ്റാണ്ട് മുൻപ് ഒളിവിൽ പോയ ഛോട്ടാ രാജന്റെ സഹായി അറസ്റ്റിൽ. കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയായ വിലാസ് ബൽറാം പവാർ എന്ന രാജു വികന്യ ആണ് അറസ്റ്റിലായത്. 32 വർഷമായി ഇയാൾ ഒളിവിൽ ആയിരുന്നു.
മുംബൈയിലെ ചെമ്പൂരിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മേഖലയിൽ എത്തിയതായി മുംബൈ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിൽ ആയിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഇത്രയും നാൾ ഇയാൾ എവിടെ ആയിരുന്നു ഒളിവിൽ കഴിഞ്ഞത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യങ്ങൾ രാജു വികന്യയിൽ നിന്നും ചോദിച്ചറിയാനുള്ള ശ്രമത്തിൽ ആണ് പോലീസ്.
കൊലപാതകം, തച്ചിക്കൊണ്ട് പോകൽ, ആയുധം കൈവശം വയ്ക്കൽ തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിലവിൽ ഉള്ളത്. മെട്രോപോളിറ്റൻ കോടതിയിൽ ഹാജരാക്കിയ രാജുവിനെ റിമാൻഡ് ചെയ്തു. ഛോട്ടാ രാജന്റെ ഏറ്റവും അടുത്ത അനുയായി ആണ് ഇയാൾ.
കഴിഞ്ഞ വർഷം ഛോട്ടാ രാജന് നിരവധി കേസുകളിൽ ആശ്വാസം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജു പ്രത്യക്ഷപ്പെട്ടത്. 2001 ലെ ജയ ഷെട്ടി കൊലക്കേസിൽ ഛോട്ടാ രാജന് കോടതി ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ മുംബൈ ഹൈക്കോടതി ഇയാൾക്ക് ജാമ്യം നൽകുകയായിരുന്നു. മുംബൈയിലെ പ്രമുഖ വ്യാപാരി ആയ ഡോ. ദത്ത സാമന്തിന്റെ കൊലപാതകത്തിൽ 2023 ൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Discussion about this post