കാസർഗോഡ്: കേസിൽ പ്രതിയാകുന്നവരെ പുറത്താക്കാൻ തുടങ്ങിയാൽ പാർട്ടിയിൽ ആരും ഉണ്ടാകില്ലെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി കെ.വി കുഞ്ഞിരാമൻ. ഏതെങ്കിലും കേസിൽ പ്രതികൾ ആകാത്തവർ സിപിഎമ്മിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പെരിയ കേസ് വിധിയുടെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ സിിപഎമ്മിന് പങ്കില്ല. കെ. മണികണ്ഠൻ ഉൾപ്പെടെയുള്ള നേതാക്കളെ പ്രതിചേർത്തത് രാഷ്ട്രീയ പ്രേരിതം ആണ്. വിധി അന്തിമല്ലല്ലോ?. ഇതേക്കുറിച്ച് വിശദമായി പഠിച്ച ശേഷം തുടർനടപടികളെക്കുറിച്ച് തീരുമാനിക്കും. സിപിഎം നേതാക്കൾ എല്ലായ്‌പ്പോഴും ഏതെങ്കിലും കേസുകളിൽ പ്രതിയാകാറുണ്ട്. കേസിൽ പ്രതികളാകുന്നവരെ പുറത്താക്കാൻ തുടങ്ങിയാൽ പാർട്ടിയിൽ ആളുകാണുമോയെന്നും കുഞ്ഞിരാമൻ ചോദിച്ചു.
സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ കുറിച്ച് പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. പീതാംബരനെ പാർട്ടിയ്ക്കുള്ളിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം അന്ന് രാത്രി തന്നെ പുറത്താക്കിയിരുന്നു. അതിന് ശേഷം സിപിഎം കേസിൽ ഇടപെട്ടിരുന്നില്ല. സംഭവത്തിൽ പാർട്ടിയ്ക്ക് പങ്കില്ലെന്നും കുഞ്ഞിരാമൻ ആവർത്തിച്ചു. പ്രതിപ്പട്ടികയിൽ ആരെയാണ് ഉൾപ്പെടുത്താൻ പറ്റാത്തത് എന്നും കുഞ്ഞിരാമൻ ചോദിച്ചു.
Discussion about this post