തിരുവനന്തപുരം: ജീവനക്കാർക്ക് കർശന നിർദ്ദേശവുമായി സാമൂഹികനീതി വകുപ്പ്. സർക്കാരിന്റെ ക്ഷേമസ്ഥാപനങ്ങളിൽ ജീവനക്കാർ അനാവശ്യമായി രാത്രി തങ്ങുകയോ അന്തേവാസികൾക്കായി തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം.പല ക്ഷേമസ്ഥാപനങ്ങളിലെയും ജീവനക്കാർ ചട്ടപ്രകാരമല്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്നെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.മാർഗനിർദേശം പാലിക്കാത്തവർക്കെതിരേ കർശന അച്ചടക്ക നടപടിയുമുണ്ടാകുമെന്നും സാമൂഹികനീതിവകുപ്പ് മുന്നറിയിപ്പ് നൽകി.
ചുമതലയില്ലാത്തവർ രാത്രിയിൽ ഒരുകാരണവശാലും ക്ഷേമസ്ഥാപനങ്ങളിൽ താമസിക്കരുത്. അടിയന്തര സാഹചര്യത്തിൽ താമസിക്കേണ്ടിവന്നാൽ സൂപ്രണ്ടിൽനിന്ന് അനുമതിതേടണമെന്നും നിർദ്ദേശത്തിൽ വ്യക്തമാണ്.
അന്തേവാസികൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുത്. താമസിക്കുന്നവിവരം രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണം. രാത്രിയിൽ ചുമതലയിലുള്ള ജീവനക്കാർ ആസമയത്ത് സ്ഥാപനത്തിലുണ്ടെന്നും കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സൂപ്രണ്ടുമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.അന്തേവാസികൾക്കായി ഉണ്ടാക്കുന്ന ഭക്ഷണം ജീവനക്കാർ കഴിക്കരുത്. ഏതെങ്കിലും സാഹചര്യത്തിൽ കഴിക്കേണ്ടിവന്നാൽ സ്ഥാപന മാനേജ്‌മെന്റ് കമ്മിറ്റി നിശ്ചയിക്കുന്ന തുക നൽകണം.
Discussion about this post